ന്യൂഡല്‍ഹി: കശ്മീരിനു പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പ് റദ്ദാക്കിയത് ചരിത്ര പരമായ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിന്റെ വികസനത്തിനു തടസ്സമായിരുന്നു അനുച്ഛേദം 370 എന്നും അത് തീവ്രവാദത്തേയും കുടുംബരാഷ്ട്രീയത്തേയും അഴിമതിയേയും പ്രൊത്സാഹിപ്പിച്ചു. പാകിസ്ഥാന്റെ ദേശവിരുദ്ധവികാരങ്ങള്‍ പ്രചരിപ്പിക്കാനാണ് ഈ വകുപ്പ് സഹായിച്ചത്. ഈ വകുപ്പ് കാരണം ജമ്മു കശ്മീരില്‍ 42,000 സാധാരണക്കാര്‍ കൊല്ലപ്പെടുന്ന അവസ്ഥയുണ്ടായെന്നും മോദി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടു പറഞ്ഞു.
സര്‍ദാര്‍ പട്ടേലിന്റെ ആഗ്രഹമാണ് കശ്മീര്‍ ബില്ലിലൂടെ നടപ്പാക്കിയതെന്നും, പാകിസ്ഥാന്റെ മോഹങ്ങള്‍ തകര്‍ന്നടിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.കാശ്മീരിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും കൂലി പോലും ലഭിച്ചിരുന്നില്ല.ജനങ്ങളുടെ ജീവിതം ഇനി മെച്ചപ്പെടും.പുതുയുഗമാണ് കശ്മീരില്‍ പിറന്നതെന്നും മോദി പറഞ്ഞു.
കാശ്മീരില്‍ വികസനത്തിലെ തടസ്സങ്ങള്‍ നീങ്ങും.സ്കോളര്‍ഷിപ്പ് പദ്ധതികള്‍ വിപുലീകരിക്കും.കേന്ദ്ര പദ്ധതികളുടെ ഫലം കശ്മീരികള്‍ക്ക് ഇനി ഉറപ്പായും ലഭ്യമാകും .സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യത ലഭിക്കും.സ്വകാര്യ നിക്ഷേപം സംസ്ഥാനത്ത് വരും. കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.