തിരുവനന്തപുരം:കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. 2.15 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കുന്ന ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ജില്ലാ കളക്ടറടങ്ങുന്ന സംഘം ഏറ്റുവാങ്ങും. തുടര്‍ന്ന് ലക്കിടിയിലെ വീട്ടിലെത്തിക്കും. വസന്തകുമാര്‍ പ്രാഥമിക വിദ്യഭ്യാസം നടത്തിയ ലക്കിടി എല്‍പി സ്കൂളില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബശ്മശാനത്തിലായിരിക്കും സംസ്കാരം.
സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ടി പി രാമകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനും സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കും.അഞ്ച് ദിവസത്തെ ലീവിന് വീട്ടിലെത്തിയിരുന്ന വസന്തകുമാര്‍ കഴിഞ്ഞ ഒമ്പതാം തിയതിയാണ് തിരിച്ച് ജമ്മുകാശ്മീരിലേക്ക് തിരിച്ചുപേയത്.പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഹവില്‍ദാര്‍ വസന്തകുമാറടക്കം 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.