ആലുവ:ജനസേവാ ശിശുഭവനിലെ കുട്ടികള്‍ പീഡനത്തിനിരയായ സംഭവം മറച്ചുവച്ചതിന് സ്ഥാപനത്തിന്റെ ചെയര്മാന് ജോസ് മാവേലിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.കുട്ടികളെ പീഡിപ്പിച്ചതിന് ശിശുഭവനിലെ മുന്‍ അന്തേവാസിയും പീഡന വിവരങ്ങള്‍ മറച്ചുവെച്ചതിന് കമ്പ്യൂട്ടര്‍ അധ്യാപകനായ റോബിനും അറസ്റ്റിലായി.
സ്ഥാപനത്തിന്റെ ചെയര്മാന് എന്ന നിലയ്ക്ക് കുട്ടികള്‍ പീഡനത്തിനിരയായ സംഭവം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ മറച്ചുവെച്ചതിനാണ് ജോസ് മാവേലിക്കെതിരെ കേസെടുത്തിരിക്കുന്നത്.ചെയര്‍മാനോടോ ചുമതലപ്പെട്ടവരോടോ പീഡന വിവരം പറഞ്ഞാല്‍ അതിന്റെ പേരില്‍ ജീവനക്കാര്‍ തങ്ങളെ മര്‍ദ്ദിച്ചിരുന്നതായി ജനസേവഭവനിലെ കുട്ടികള്‍ മൊഴി നല്‍കിയിരുന്നു.
ജനസേവാ ശിശുഭവനില്‍ കുട്ടികള്‍ക്ക് കടുത്ത ശാരീരിക- മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായും കുട്ടികളുടെ ജീവനുതന്നെ ഭീഷണിയുള്ളതായും സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ജോസ് മാവേലിയെ അറസ്റ്റ് ചെയ്തത്.