അഞ്ചല്‍:മകളുടെ ഫേസ്ബുക് സുഹൃത്തിന്റെ കുത്തേറ്റ് അമ്മ മരിച്ചു.കുളത്തൂപ്പുഴ ഇഎസ്എം കോളനി പാറവിള പുത്തന്‍വീട്ടില്‍ പി.കെ.വര്‍ഗീസിന്റെ ഭാര്യ മേരിക്കുട്ടി വര്‍ഗീസ് (48)ആണ് മരിച്ചത്.സംഭവത്തില്‍ മുംബൈയില്‍ ജോലിനോക്കുന്ന മകളുടെ ഫെയ്‌സ് ബുക്ക് സുഹൃത്ത് മധുര അനുപാനടി ബാബു നഗര്‍ ഡോര്‍ നമ്പര്‍ 48ല്‍ സതീഷ് (27)കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായി.
പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേനയാണ് ഇയാള്‍ വീടിനുള്ളില്‍ കടന്ന് മേരിക്കുട്ടിയെ ആക്രമിച്ചത്.വലതുനെഞ്ചില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് പുറത്തേക്ക് ഓടിയ മേരിക്കുട്ടി  കുഴഞ്ഞുവീണു. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.മേരിക്കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പ്രതി ഉടന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: മുംബൈയില്‍ നേഴ്‌സായി ജോലിനോക്കുന്ന മേരിക്കുട്ടിയുടെ മൂത്ത മകള്‍ ഏറെനാളായി പ്രതിയുമായി ഫെയ്‌സ്ബുക്കിലൂടെ പരിചയത്തിലാണ്. ഇയാള്‍ യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍, തനിക്ക് വീട്ടുകാര്‍ വേറെ വിവാഹം ആലോചിക്കുന്നതായി പെണ്‍കുട്ടി അറിയിച്ചു.കഴിഞ്ഞ ഒരുമാസമായി ലിസയുമായി ബന്ധപ്പെടാന്‍ പ്രതി ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് പ്രതികാരം തീര്‍ക്കാന്‍വേണ്ടി പ്രതി കേരളത്തിലെത്തുകയായിരുന്നു. പെണ്‍കുട്ടി വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടില്‍നിന്ന് ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്ത് പ്രതി കുളത്തൂപ്പുഴയില്‍ എത്തിയത്.മകളുമായുള്ള വിവാഹക്കാര്യം പറഞ്ഞ് മേരിക്കുട്ടിയോട് വഴക്കുണ്ടാക്കി. തുടര്‍ന്ന് കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.