കാസര്‍കോട്:പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന് വീടു വച്ചു നല്‍കുമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ.ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ഹൈബി ഇക്കാര്യം പുറത്തുവിട്ടത്.ഓലക്കുടിലില്‍ കഴിയുന്ന കൃപേഷിന്റെ കുടുംബം വളരെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് ഇവിടം സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കു ബോധ്യപ്പെട്ടിരുന്നു.50 ദിവസത്തിനുള്ളില്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി ഹൈബി പറയുന്നു.
ഹൈബി ഈഡന്റെ ഫേസ്ബുക് പോസ്റ്റ് ചുവടെ:-
കാസര്‍ഗോഡ് കൃപേഷിന്റെ ഭവനം എന്റെ ഓഫീസില്‍ നിന്നും ആര്‍ക്കിടെക്ടും സംഘവും സന്ദര്‍ശിച്ചു.പുതിയ ഭവനം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചു. ബഹു.കെ.പി.സി.സി പ്രസിഡന്റ് ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രന്‍ അവറുകളുടെ അനുമതിയോടെ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീ.ഡീന്‍ കുര്യാക്കോസിന്റെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് 1000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള ഭവനത്തിന്റെ രൂപരേഖ തയ്യാറായി.
ശുചി മുറികളോട് കൂടിയ 3 കിടപ്പുമുറികള്‍, സ്വീകരണ മുറി, ഭക്ഷണ മുറി മുതലായവ അടങ്ങിയതാണ് രൂപരേഖ. 50 ദിവസത്തിനുള്ളില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
കൃപേഷിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് കുടുംബാംഗങ്ങളുടെ അനുമതി ലഭ്യമായാല്‍ ഉടന്‍ നിര്‍മ്മാണം ആരംഭിക്കും. മാര്‍ച്ച് 1 ന് ശേഷം ആരംഭിക്കാന്‍ സാധിക്കും എന്നതാണ് പ്രതീക്ഷ.
കൃപേഷിന്റെ ഓര്‍മ്മകള്‍ തളം കെട്ടി നില്‍ക്കുന്ന പുതിയ ഭവനത്തിനായി ദിനങ്ങളെണ്ണി നമുക്ക് കാത്തിരിക്കാം…