കോട്ടയം:യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഴപ്പിണ്ടി ചലഞ്ചിനെ വിമര്‍ശിച്ചുകൊണ്ടുള്ള എഴുത്തുകാരി കെ.ആര്‍.മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഒരു സോഷ്യല്‍ മീഡിയ യുദ്ധത്തിനു തന്നെ കളമൊരുക്കിയിരിക്കുകയാണ്.മീരയുടെ പോസ്റ്റിനെ വിമര്‍ശിച്ച് വിടി ബല്‍റാം മറു പോസ്റ്റിട്ടു. അങ്ങോട്ടുമിങ്ങോട്ടും അത്ര സുഖകരമല്ലാത്ത പദപ്രയോഗങ്ങളും നില മറന്നുള്ള പരിഹാസശരങ്ങളും.ഇപ്പോള്‍ ബല്‍റാമിന് മറുപടിയായി മീര അടുത്ത പോസ്റ്റിട്ടുകഴിഞ്ഞു.ഇനി ഇതിനു മറുപടി തേടി ബല്‍റാമിന്റെ ഫേസ്ബുക്കിലേക്ക് ഉറ്റു നോക്കുകയാണ് നവമാധ്യമ ലോകം.
‘നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാന്‍ വാഴത്തടയുമായി ചിലര്‍.നിങ്ങള്‍ക്കു മുമ്പില്‍ രണ്ടു വഴികളുണ്ട്.ഒന്നുകില്‍ മിണ്ടാതിരുന്ന് മേല്‍പ്പറഞ്ഞവരുടെ നല്ല കുട്ടിയാകുക.അല്ലെങ്കില്‍ ഇഷ്ടം പോലെ മിണ്ടുക.
അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക’ എന്ന് കെ ആര്‍ മീരയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് എല്ലാറ്റിന്റേയും തുടക്കം
ഇതിനു മറുപടിയായി
‘പോ മോനേ ബാല – രാമാ ‘ എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ പാര്‍ട്ടിക്ക് വേണ്ടിയാണവര്‍ അത് പറയുന്നത്. സംരക്ഷിക്കാന്‍ പാര്‍ട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്‌കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നില്‍ക്കും. എന്നാല്‍ തിരിച്ച് പോ മോളേ ‘മീരേ’ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.”എന്നായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക് പോസ്റ്റ്.രണ്ടുപേരുടേയും ഫേസ്ബുക്‌പേജുകളില്‍ ലൈക്കുകളും വിമര്‍ശനങ്ങളുമെല്ലാം നിറഞ്ഞു.
എന്നാല്‍ ഒന്നും അവിടംകൊണ്ടും തീര്‍ന്നില്ല.ബല്‍റാമിന് പരിഹാസം നിറഞ്ഞ മറുപടിയുമായി വീണ്ടും കെ.ആര്‍.മീര രംഗത്തെത്തിയിരിക്കുകയാണ്.
മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
വര്‍ഗീയതയും മതവിദ്വേഷവും ഭീതിയുണര്‍ത്തുന്ന ഇക്കാലത്ത് ജനാധിപത്യവിശ്വാസികള്‍ പ്രതീക്ഷയോടെ നോക്കുന്നത് രാഹുല്‍ ഗാന്ധിയിലേക്കാണ്.

കഴിഞ്ഞ ദിവസം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി അദ്ദേഹം നടത്തിയ ആശയവിനിമയം കണ്ടപ്പോള്‍ പ്രത്യാശ ഇരട്ടിച്ചിരുന്നു.

പക്ഷേ, തൊട്ടുപിന്നാലെയാണ് വി.ടി. ബലറാം എന്നയാളുടെ നിര്‍ദ്ദേശം അനുസരിച്ച് ഉള്ളവരോ ഇല്ലാത്തവരോ ആയ ചിലര്‍ എന്റെ ഫേസ് ബുക്ക് പേജില്‍ കൂത്തിച്ചി, മൈര, പുലയാടി, തുടങ്ങിയ സംബോധനകള്‍ വര്‍ഷിച്ചത്.

അത് വളരെ കൗതുകകരമായ കാഴ്ചയായിരുന്നു.

ഞാനിട്ട പോസ്റ്റിന് ആദ്യം ബലറാമിന്റെ കമന്റ്. തുടര്‍ന്ന് നിമിഷം തോറും പത്തും മുപ്പതും കമന്റുകള്‍. എല്ലാ കമന്റുകള്‍ക്കും ഒരേ ഭാഷ.

‘വായില്‍ പഴം’ എന്നതാണ് കോണ്‍ഗ്രസ് കുഞ്ഞുങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട രൂപകം.

നട്ടെല്ല് എന്നതാണ് ആ കുഞ്ഞു ഹൃദയങ്ങളുടെ ഒബ്‌സെഷന്‍.

എനിക്കു വളരെ അടുപ്പവും ആദരവുമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ് എ.കെ. ആന്റണി. അദ്ദേഹത്തിന്റെ മകനാണ് കോണ്‍ഗ്രസിന്റെ ഐ.ടി. സെല്ലിന്റെ ചുമതല.

അനില്‍ ആന്റണിയോട് ഒരു അപേക്ഷ :

കമന്റുകള്‍ക്ക് ആവര്‍ത്തന വിരസതയുണ്ട്. കുറച്ചു പുതിയ വാക്കുകള്‍ കൂടി ഫീഡ് ചെയ്തു വയ്ക്കണം. ഒരു മിനിമം വായനാസുഖം വേണ്ടേ?

ഞാനെഴുതിയ പ്രതികരണത്തിനു ശക്തി കുറഞ്ഞു പോയി എന്ന കുറ്റത്തിന് എന്നെ മര്യാദ പഠിപ്പിക്കാനിറങ്ങിയ കോണ്‍ഗ്രസ് ബാലകരേ,

വെറുതെ, വാഴപ്പിണ്ടിയും കൊണ്ട് പോസ്റ്റ് ഓഫിസ് കയറിയിറങ്ങുന്നതിനു പകരം, കൊലപാതകം ആസൂത്രണം ചെയ്തതായി ബോധ്യമുള്ള സി.പി.എം. നേതാക്കളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരും വരെ ഈ ബലരാമന് ഒരു ഉപവാസ സമരം നടത്തിക്കൂടേ?

ബലരാമനെ ആശുപത്രിയിലേക്കു മാറ്റേണ്ടി വരുന്ന ദിവസം ആ സ്ഥാനത്ത് ഞാന്‍ ഉപവസിക്കാം.

-മൂന്നു നിബന്ധനകളുണ്ട്.

1. ഉപവാസ സത്യഗ്രഹം ഫേസ് ബുക്കില്‍ പോരാ.

2. അത് ഇന്നോ നാളെയോ തന്നെ തുടങ്ങണം.

3. മഹീന്‍ അബൂബക്കര്‍, അഷ്‌റഫ് അഫ്‌ലാഹ് മുതല്‍ നല്ല അസഭ്യപദസമ്പത്തുള്ള താങ്കളുടെ അനുയായികള്‍ എല്ലാവരും ഒപ്പമുണ്ടാകണം.

അങ്ങനെ നമുക്ക് അഹിംസയില്‍ അധിഷ്ഠിതമായ ഒരു നവകേരളം പടുത്തുയര്‍ത്താം.

അല്ലാതെ ഫേസ് ബുക്കില്‍വന്നു കൂത്തിച്ചി, മൈര, പുലയാടി എന്നൊക്കെ വിളിച്ചാല്‍ ആരു മൈന്‍ഡ് ചെയ്യും ബാലാ ?