ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പില്‍ വര്‍ഗീയപ്രചരണം നടത്തിയെന്ന കേസില്‍ അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സുപ്രീം കോടതി സ്റ്റേ അനുവദിച്ചു.ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.                                                                                                                                              നിയമസഭയില്‍ എത്താമെങ്കിലും ഷാജിക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ല. ജനുവരിയില്‍ കേസിന്റെ അന്തിമവാദം നടക്കുന്നതുവരെ എം.എല്‍.എല്‍ എന്ന നിലയില്‍ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഉണ്ടാകില്ല. സമ്പൂര്‍ണ സ്റ്റേ വേണമെന്ന ഷാജിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.കേസിലെ എതിര്‍കക്ഷിയായ എം.വി.നികേഷ് കുമാറിന് നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.
ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാന്‍ തടസമില്ലെന്ന് സുപ്രീം കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു.എന്നാല്‍ അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ ഇല്ലാത്തതിനാല്‍ ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം നിയമസഭാ സെക്രട്ടറി അറിയിച്ചിരുന്നു.