തിരുവനന്തപുരം: വേങ്ങര മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ എന്‍ എ ഖാദര്‍ സഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. സോളാര്‍ തട്ടിപ്പിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് വേണ്ടി മാത്രമാണ് ഇന്ന് സഭ ചേര്‍ന്നിരിക്കുന്നത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനാണ്സത്യവാചകം ചൊല്ലിക്കൊടുത്തത്. അള്ളാഹുവിന്റെ നാമത്തിലാണ് കെ എന്‍ എ ഖാദര്‍ സത്യപ്രതിജ്ഞ ചെയ്തത്.

കെ എന്‍ എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയാണ് ഇന്ന് സഭാ നടപടികള്‍ തുടങ്ങിയത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞടുപ്പില്‍ വിജയിച്ചതിന്റെ അടിസ്ഥാനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. രാഷ്ട്രീയ കേരളം ഏറെ കാത്തിരുന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ പി പി ബഷീറിനെ പരാജയപ്പെടുത്തിയാണ് കെ എന്‍ എ ഖാദര്‍ വിജയിച്ചത്.