കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ ഭാരവാഹി പ്രഖ്യാപനം,ചർച്ചകൾ തുടരുന്നു. കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളിരാമചന്ദ്രൻ രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തി ഭാരവാഹികളെ പ്രഖ്യാപിക്കും എന്ന് ഉമ്മൻചാണ്ടി പറഞ്ഞു.മുപ്പതോളം ജനറൽ സെക്രട്ടറിമാരും അഞ്ച് വർക്കിങ്ങ് പ്രസിഡന്റുമാരും കമ്മറ്റിയിലുണ്ടാകും എന്ന് കരുതപ്പെടുന്നു. വർക്കിങ്ങ് പ്രസിഡന്റുമാരെ ഒഴിവാക്കി വൈസ്പ്രസിഡന്റുമാരെ പ്രഖ്യാപിക്കാനും നീക്കമുണ്ട്. ഭാരവാഹികളെ ഒരുമിച്ചു പ്രഖ്യാപിക്കാതെ സെക്രട്ടിമാരെ പിന്നീട് പ്രഖ്യാപിക്കും.ഒരുമിച്ച് പ്രഖ്യാപിച്ചാൽ ഉണ്ടാകുന്ന ജംമ്പോ പട്ടിക എന്ന ആക്ഷേപം ഒഴിവാക്കാനാണ് അത്തരമൊരു തീരുമാനം.സെക്രട്ടറിമാരെ ഇപ്പോൾ കൂട്ടത്തിൽ പ്രഖ്യാപിച്ചില്ലെങ്കിൽ കോൺഗ്രസ്സിന്റ പതിവു രീതിയനുസരിച്ച് വൈകിച്ച് വൈകിച്ച് തദ്ദേശ തെരഞ്ഞെടുപ്പു കഴിഞ്ഞോ അല്ലെങ്കിൽ ഒരുപക്ഷേ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞിട്ടാകും എന്ന ആശങ്ക ഗ്രൂപ്പ് ഭേദമന്യേ നേതാക്കൾ പങ്കുവയ്ക്കുന്നു. നൂറ്റിഇരുപത്താറു പേരുടെ പട്ടികയുമായി ദില്ലിക്കു പോകാൻ തിരഞ്ഞെടുത്ത സമയം കേരളാനേതാക്കൾക്ക്  പിഴച്ചു. അയോദ്ധ്യാ കോടതിവിധി, മഹാരാഷ്ട്ര മന്ത്രിസഭാ രൂപീകരണം,എസ് പി ജി സുരക്ഷ പിൻവലിച്ച നടപടി എന്നിവയൊക്കെയായി സംഭവബഹുലമാണ് ഈ ആഴ്ചത്തെ ദില്ലി.