കോട്ടയം:കോട്ടയത്തെ കെവിന്‍ കൊലക്കേസിന്റെ
വാദം ഇന്നു തുടങ്ങും.കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കേസ് വാദം കേള്‍ക്കുന്നത്.കേസിലെ 13 പ്രതികളോടും ഇന്ന് ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.പ്രതികളില്‍ ആറു പേരാണ് റിമാന്‍ഡിലുള്ളത്.ഏഴ് പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.കോടതി ഉത്തരവു പ്രകാതം കുറ്റപത്രത്തിനൊപ്പം നല്‍കിയ രേഖകളുടെ പകര്‍പ്പ് പ്രതികള്‍ക്ക് ഇന്ന് കൈമാറും.
കഴിഞ്ഞ മെയ് 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ ജോസഫിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനുവും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു.പിറ്റേ ദിവസം ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി.
ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം കെവിനെ കെവിനെ മര്‍ദ്ദിച്ച് അവശനാക്കി ആറ്റില്‍ തള്ളുകയായിരുന്നെന്ന്
പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.ഷാനുവും അച്ഛന്‍ ചാക്കോയും കേസിലെ ഒന്നും അഞ്ചും പ്രതികളാണ്. കേസില്‍ 186 സാക്ഷികളും 180 തെളിവുപ്രമാണ രേഖകളുമുണ്ട്.
കെവിന്‍ കൊലക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയിലാവശ്യപ്പെട്ടെങ്കിലും പ്രതിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തു.എന്നാല്‍ തിര്‍പ്പുകള്‍ തള്ളിക്കൊണ്ട് കേസ് ദുരഭിമാനക്കൊലയായി കണക്കാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.കേരളത്തിലാദ്യമായാണ് ദുരഭിമാനക്കൊലക്കേസില്‍ വിചാരണ തുടങ്ങുന്നത്.