തിരുവനന്തപുരം: കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന് പരുക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന ശശി തരൂരിനെ സന്ദര്‍ശിച്ചു. രാവിലെ ഒമ്പതു മണിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ നിര്‍മ്മല സീതാരാമന് അഞ്ചു മിനിറ്റ് ആശുപത്രിയില്‍ ചെലവഴിച്ചു.ശശി തരൂര്‍ ട്വിറ്ററിലൂടെയാണ് വാര്‍ത്തയും ചിത്രവും പുറത്തുവിട്ടത്. നിര്‍മല സീതാരാമന്റെ നടപടി തന്നെ സ്പര്‍ശിച്ചുവെന്നും മര്യാദ എന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അപൂര്‍വ്വമാണെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇപ്പോള്‍ ന്യൂറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ശശി തരൂരിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ തിരുവനന്തപുരത്ത് ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാര നേര്‍ച്ചയ്ക്കിടെയാണ് ത്രാസ് പൊട്ടി തരൂരിന്റെ തലയിലേക്ക് പതിച്ചത്. പരുക്കേറ്റ തരൂരിനെ ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരും കുടുംബാംഗങ്ങളും ചേര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ചു.തുടര്‍ന്ന് അവിടെ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.തൂരിന്റെ തലയില്‍ പതിനൊന്ന് തുന്നലുകളുണ്ട്.