പാപ്പരാകുന്ന ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന എഫ്.ആര്.ഡി.ഐ ബില്ലിനെക്കുറിച്ച് ആശങ്കകളേറുന്നു. ബാങ്കുകളോ ഇന്‍ഷുറന്‍സ് കമ്പനികളോ പാപ്പരാകുമ്പോള്‍ നിക്ഷേപകരുടെ പണം തിരിച്ചു നല്‍കുന്നതിന് പകരം ബോണ്ടുകള്‍ നല്കിയാല് മതിയെന്നാണ് ഫിനാന്‍ഷ്യല്‍ റെസലൂഷ്യന്‍ ആന്റ് ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. ബില്ലിലെ ശുപാര്‍ശക്കെതിരെ ഇപ്പോള്‍ തന്നെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
നിലവിലെ നിയമപ്രകാരം ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷ ഉറപ്പാണ്. റിസര്‍വ് ബാങ്കിന്റെ അനുബന്ധ സ്ഥാപനമായ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷനാണ് ഇങ്ങനെ ഒരു ലക്ഷം രൂപ വരെ ഉറപ്പ് നല്‍കുന്നത്. എന്നാല്‍ പുതിയ ബില്‍ നിയമമായാല്‍ ഈ ഒരു ലക്ഷം രൂപയുടെ ഗ്യാരന്റി പോലും ഇല്ലാതാകും. പാപ്പരാക്കപ്പെടുന്ന സ്ഥാപനങ്ങളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ കഴിയില്ല. പകരം ബോണ്ട് നല്‍കും. അഞ്ച് വര്‍ഷം കഴിഞ്ഞ് മാത്രം ഈ പണം തിരികെ ബാങ്കുകള്‍ നല്കിയാല് മതിയാവും. ഇതിനിടയില്‍ നിക്ഷേപകന് എന്ത് ആവശ്യം വന്നാലും പണം നല്കാന് സ്ഥാപനത്തിന് ബാധ്യതയുണ്ടാവില്ല. എന്നാല്‍ ഈ അഞ്ച് വര്‍ഷത്തെ കാലയളവില്‍ അഞ്ച് ശതമാനം വാര്‍ഷിക പലിശ ലഭിക്കും.