[author ] നിസാര്‍ മുഹമ്മദ് [/author]
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ക്രിക്കറ്റ് പൂരം. ഇന്ത്യ-ന്യൂസിലാന്റ് മൂന്നാം ട്വന്റി 20 പോരാട്ടം നടക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ സ്റ്റേഡിയത്തില്‍ ഇന്ന് ആരാധകരുടെ ആവേശം ആകാശത്തിന്റെ അതിരുകടക്കും. കഴിഞ്ഞ രണ്ട് ട്വന്റി 20 മല്‍സരങ്ങളില്‍ ഓരോന്ന് വീതം ജയിച്ച് രണ്ടുടീമുകളും തുല്യനിലയിലാണ്. ഇന്നത്തെ വിജയികള്‍ക്കാണ് പരമ്പര നേട്ടമെന്നതിനാല്‍ മല്‍സരത്തിന് ചൂടും ചൂരുമേറും. റണ്‍സൊഴുകുന്ന പിച്ചാണ് ഗ്രീന്‍ഫീല്‍ഡില്‍ ഒരുക്കിയിരിക്കുന്നത്. രണ്ടു ടീമുകളും മികച്ച ഫോമിലുമാണ്. അതിനാല്‍ ഇന്ത്യ-ന്യൂസിലാന്റ് താരങ്ങളുടെ ബാറ്റിംഗ് വിരുന്നാണ് ആരാധകരുടെ പ്രതീക്ഷ.
അതേസമയം, കഴിഞ്ഞ രണ്ടുദിവസങ്ങളിലായി തിരുവനന്തപുരം നഗരത്തില്‍ പെയ്യുന്ന കനത്ത മഴ ആരാധകരുടെ മനസില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ സ്റ്റേഡിയത്തില്‍ പെയ്ത മണിക്കൂറുകളോളം നീണ്ടു. വൈകുന്നേരം മൂന്നുമണിയോടെയാണ് മഴയ്ക്ക് ശമനമായത്. ഒരു മണിക്കൂറിന് ശേഷം ഔട്ട്ഫീല്‍ഡിലെ വെള്ളം വറ്റി. പിന്നീട് ഡ്രയര്‍ ഉപയോഗിച്ച് ഔട്ട്ഫീല്‍ഡ് ഉണക്കിയതോടെ ഗ്രൗണ്ട് മല്‍സരത്തിന് പൂര്‍ണ സജ്ജമായി. വരും ദിവസങ്ങളിലും തെക്കന്‍ കേരളത്തില്‍ തുലാവര്‍ഷം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ ക്രിക്കറ്റ് ആരാധകരെയും സംഘാടകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
മഴമൂലം ഇന്നലെ ഇരുടീമുകളും പരിശീലനം ഉപേക്ഷിച്ചു. രാവിലെ ന്യൂസിലന്റ് ടീമും ഉച്ചയ്ക്ക് ശേഷം ഇന്ത്യന്‍ ടീമും പരിശീലനത്തിന് എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥ തുടര്‍ന്നതിനാല്‍ പരിശീലനം ഒഴിവാക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം ഏഴിനാണ് മല്‍സരം ആരംഭിക്കുന്നത്. ആറുമണിവരെ മഴ പെയ്താലും ഏഴിന് കളി തുടങ്ങാന്‍ കഴിയുന്ന സജ്ജീകരണമുണ്ടെന്ന് സംഘാടകര്‍ ഉറപ്പുനല്‍കുന്നു. ഗ്രൗണ്ടിലെ വെള്ളമൊഴുക്കിക്കളയാന്‍ നൂതന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മെച്ചപ്പെട്ട ഡ്രയര്‍ സംവിധാനവും ഉറപ്പാക്കിയിട്ടുണ്ട്. കനത്ത മഴ പെയ്താലും വെള്ളം കെട്ടിനില്‍ക്കാതിരിക്കാനുള്ള ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനമാണ് സ്റ്റേഡിയത്തിലുള്ളതെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് വ്യക്തമാക്കി. പിച്ചുകള്‍ ഇപ്പോള്‍ പൂര്‍ണമായും മൂടിയിട്ടിരിക്കുകയാണ്. മൂന്ന് സൂപ്പര്‍ സോപ്പറുകള്‍ ഇപ്പോള്‍ തന്നെ സ്റ്റേഡിയത്തിലുണ്ട്. മത്സരത്തിനിടെ മഴ പെയ്താലും മഴ മാറി 20 മിനുട്ടിനുള്ളില്‍ മത്സരം പുനരാരംഭിക്കുവാനാകുമന്നും അദ്ദേഹം പ്രതികരിച്ചു.
മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായി തിരുവനന്തപുരത്ത് എത്തുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരം കാണാന്‍ 45,000 കാണികള്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ടിക്കറ്റുകള്‍ ആദ്യദിവസങ്ങളില്‍ തന്നെ വിറ്റുപോയതിലൂടെ മല്‍സരത്തിന്റെ ആവേശം പ്രകടമാണ്. 1988 ജനുവരി 25ന് ആയിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം അവസാനമായി തിരുവനന്തപുരത്ത് നടന്നത്. അന്ന് യൂണിവേഴ്സിറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്കെതിരെ മല്‍സരിക്കാനെത്തിയത് വിവിയന്‍ റിച്ചാര്‍ഡ്സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ഇന്‍ഡീസ് ടീം. കപില്‍ദേവിന്റെ ക്യാപ്റ്റന്‍സിയിലുള്ള ഇന്ത്യന്‍ ടീമിനെ ഒമ്പത് റണ്‍സിന് പരാജയപ്പെടുത്തിയാണ് വെസ്റ്റ് ഇന്‍ഡീസ് അന്ന് തലസ്ഥാനത്ത് നിന്നു മടങ്ങിയത്. ഇന്നത്തെ മല്‍സരത്തില്‍ ന്യൂസിലാന്റിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ടീമിന്റെ മധുര പ്രതികാരത്തിന് കാത്തിരിക്കുകയാണ് തലസ്ഥാനത്തെ ക്രിക്കറ്റ് ആരാധകര്‍.
ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, യുസേവേന്ദ്ര ചാഹല്‍, ശിഖര്‍ ധവാന്, എം.എസ് ധോണി, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, മനിഷ് പാണ്ഡേ, ഹര്‍ദ്ദിക് പാണ്ഡേ, അക്സര്‍ പട്ടേല്‍, ലോകേഷ് രാഹുല്‍.
ന്യൂസിലാന്റ് ടീം: കെയ്ന്‍ വില്യംസണ് (ക്യാപ്റ്റന്‍), ട്രെന്റ് ബൗള്‍ട്ട്, ടോം ബ്രൂസ്, കോളിന്, മാര്ട്ടിന് ഗുപ്റ്റില്‍, മാറ്റ് ഹെന്റി, ടോം ലാതം, ആദം മില്‍നേ, കോളിന് മണ്‍റോ, ഹെന്റി നിക്കോള്‍സ്, ഗ്ലെന്‍ ഫില്ലിപ്സ്, മിച്ചല്‍ സാന്റര്‍, സോദി, ടിം സോത്തി, റോസ് ടെയ്ലര്.