ദില്ലി:കേരളത്തില്‍ നിന്നും ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.ശശി തരൂര്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ നാളെ നടക്കും.19 എംപി മാരില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് രാജ്മോഹന്‍ ഉണ്ണിത്താനാണ്.തുടര്‍ന്ന് കെ.സുധാകരനും കെ.മുരളീധരനും.തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു.
തുടര്‍ന്ന് എംകെ രാഘവന്,പികെ കുഞ്ഞാലിക്കുട്ടി,ഇടി മുഹമ്മദ് ബഷീര്‍,രമ്യ ഹരിദാസ്,വികെ ശ്രീകണ്ഠന്, ബെന്നി ബെഹ്ന്നാന്,ടിഎന്‍ പ്രതാപന്,ഹൈബി ഈഡന് ,എഎം ആരിഫ്,തോമസ് ചാഴിക്കാടന്,ഡീന്‍ കുര്യാക്കോസ്,എന്‍കെ പ്രേമചന്ദ്രന്, അടൂര്‍ പ്രകാശ് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
കൊടിക്കുന്നില്‍ സുരേഷ് എംപി ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതില്‍ സോണിയാ ഗാന്ധി അതൃപ്തി രേഖപ്പെടുത്തി. എംപിമാര്‍ക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ അവരവരുടെ ഭാഷയില്ലേയെന്ന് ചോദിച്ചാണ് സോണിയ കൊടിക്കുന്നിലിനെ ശാസിച്ചത്.ഒന്നുകില്‍ ഇംഗ്ളീഷിലോ അല്ലെങ്കില്‍ മാതൃഭാഷയിലോ സത്യപ്രതിജ്ഞ ചൊല്ലണമെന്ന് സോണിയ പറഞ്ഞു.കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ബിജെപി അംഗങ്ങള്‍ ഡെസ്കിലടിച്ച് സ്വാഗതം ചെയ്തതും സോണിയയുടെ അതൃപ്തിക്കു കാരണമായി.ഇതോടെ കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാര്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമാനം മാറ്റി.കുറച്ചുപേര്‍ മലയാളത്തിലും കുറച്ചുപേര്‍ ഇംഗ്ളീഷിലും സത്യപ്രതിജ്ഞ ചെയ്തു.