തിരുവനന്തപുരം: രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലും ഫാസിസത്തെ തടഞ്ഞു നിര്‍ത്തുന്നതിലും കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ ചെലുത്തുന്ന സ്വാധീനം അളവറ്റതാണെന്ന് ആദ്യകാല കെ.എസ്.യു നേതാക്കളുടെ സൗഹൃദ കൂട്ടായ്മയായ സമ്മോഹനം ചെയര്‍മാന്‍ വിതുരശശിയും ജനറല്‍ കണ്‍വീനര്‍ പിരപ്പന്‍കോട് സുഭാഷും സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
എതെങ്കിലും ഒരു സമരത്തിന്റെ പേരില്‍ സാമൂഹിക നന്മയ്ക്ക് അധിഷ്ഠിതമായി ചരിത്രത്തില്‍ ഇടം നേടിയ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ അളവുകോലാക്കുന്നതില്‍ ധാര്‍മ്മികതയില്ല. കേരളത്തിന്റെ രാഷ്ട്രീയ നവോത്ഥാനത്തില്‍ വയലാര്‍ രവിയുടെയും എ.കെ ആന്റണിയുടെയും നേതൃത്വത്തില്‍ 1957 കാലത്ത് രൂപം കൊണ്ട കെ.എസ്.യുവിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിദ്യാര്‍ത്ഥി സമരങ്ങളും അതിലൂടെ കലാലയങ്ങളില്‍ രൂപപ്പെട്ട നവോന്മേഷങ്ങളും ആവേശകരമായ ചരിത്രമാണ്.
കേരളപ്പിറവി മുതല്‍ ഇങ്ങോട്ട് ആറ് ദശാബ്ദക്കാലം കൊണ്ട് വിദ്യാഭ്യാസസാമൂഹികസാംസ്‌കാരിക മേഖലകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പൊതു സമൂഹത്തില്‍ ആഴത്തില്‍ സംഭവിച്ച സകലമാന പൊളിച്ചെഴുത്തുകള്‍ക്കും നിദാനം വിദ്യാര്‍ത്ഥി രാഷ്ട്രീയമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
വിദ്യാര്‍ത്ഥികള്‍ ജാതിയുടെയും മതങ്ങളുടെയും അടിസ്ഥാനത്തില്‍ അനഭിലഷണീയ കൂട്ടായ്മകള്‍ സൃഷ്ടിക്കാതിരിക്കാനും വിശാലവും സര്‍ഗ്ഗാത്മകവുമായ പ്രവണതകള്‍ പുഷ്ടിപ്പെടാനും കലാലയങ്ങളില്‍ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്നും സമ്മോഹനം ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.