തിരുവനന്തപുരം: കേരളവും മാലിദ്വീപും തമ്മില്‍ വിവിധ മേഖലകളിലെ ബന്ധം മെച്ചപ്പെടുത്താന്‍ വഴിയൊരുങ്ങുന്നു. ഇന്നലെ തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണനും മാലിദ്വീപ് വിദ്യഭ്യാസ മന്ത്രി ഡോ.ഐഷത്ത് ഷിഹാമും തമ്മില്‍ നടന്ന ചര്‍ച്ച ഇതിനുള്ള പുതിയ കാല് വയ്പ്പായി. തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്കില്‍ എക്സലന്‍സിന്റെ നഴ്സിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം വഴി മാലിയിലെ നഴ്സുമാര്‍ക്ക് നഴ്സിംഗ് മേഖലയില്‍ നൈപുണ്യ വികസനത്തിന് അവസരമൊരുക്കുന്നതിന് ചര്‍ച്ചയില്‍ ധാരണയായി. മുന്‍ ധാരണയനുസരിച്ച് മാലിയില്‍ നിന്നുള്ള 74 നഴ്സുമാര്‍ ഉള്‍പ്പെടുന്ന ഒന്നാം ബാച്ചിന്റെ പരിശീലനം പൂര്‍ത്തിയായിരുന്നു. ചര്‍ച്ചയില്‍ തീരുമാനിച്ച മുറയ്ക്ക് ഡിസംബര്‍ 17ന് മാലിയില്‍ നിന്നുള്ള രണ്ടാമത്തെ നഴ്സിംഗ് ബാച്ചിന് കൂടി പരിശീലനം ആരംഭിക്കും.
മാലിയും കേരളവും തമ്മില്‍ നൈപുണ്യവികസനം, വിദ്യഭ്യാസം, ടൂറിസം അനുബന്ധ മേഖലകളില്‍ പരസ്പര സഹകരണം ഉറപ്പാക്കാനും സാധ്യതകള്‍ ഉപയോഗപ്പെടുത്താനും നടപടികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കേരളവുമായുള്ള സഹകരണം ഉറപ്പാക്കുന്നതിന് ഭാരത സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും ഇതിനു ശേഷം സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മാലിദ്വീപ് വിദ്യഭ്യാസ മന്ത്രി ഡോ.ഐഷത്ത് ഷിഹാം വ്യക്തമാക്കി.
മാലിയില്‍ അധ്യാപന മേഖലയില്‍ കേരളത്തിന് കൂടുതല്‍ സാധ്യതകള്‍ ഉണ്ടാകണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന് മാലിദ്വീപ് മന്ത്രിയോട് ആവശ്യപ്പെട്ടു. തൊഴില്‍ വകുപ്പിനു കീഴിലുള്ള ഒഡെപെക് വഴി റിക്രൂട്ട്മെന്റിനുള്ള അവസരങ്ങളൊരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മാലിദ്വീപ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് ഡോ.ഐഷത്ത് ഷിഹാം പറഞ്ഞു. സംസ്ഥാന തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണനെ മാലിദ്വീപ് സന്ദര്‍ശിക്കുന്നതിനായി മാലിദ്വീപ് വിദ്യഭ്യാസ മന്ത്രി ഡോ.ഐഷത്ത് ഷിഹാം ക്ഷണിച്ചു. മന്ത്രി ടി.പി.രാമകൃഷ്ണന് ക്ഷണം സ്വീകരിക്കുകയും ചെയ്തു.