തിരുവനന്തപുരം:ദിനം പ്രതി വര്‍ദ്ധിക്കുന്ന ചൂടില്‍ നില്‍ക്കക്കള്ളിയില്ലാതെ ജനങ്ങള്‍.സംസ്ഥാനത്താകെ ഇന്ന് സൂര്യാതപമേറ്റത് 65 പേര്‍ക്കാണ്.വയനാട് ഒഴികെയുള്ള ജില്ലകളില്‍ പരമാവധി താപനിലയില്‍ 3ഡിഗ്രീ സെല്‍ഷ്യസ് വരെ വര്‍ധനവ് ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഉയര്‍ന്ന താപസൂചിക അടുത്ത ദിവസങ്ങളിലും കാണിക്കുന്നതിനാലും ഉയര്‍ന്ന അള്‍ട്രാവയലറ്റ് ഇന്‍ഡെക്സ് രേഖപ്പെടുത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ സാഹചര്യത്തില്‍ മാര്‍ച്ച് 30 വരെ അതീവ ജാഗ്രത തുടരാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു.
കൊച്ചിയില്‍ ഡ്യൂട്ടിക്കിടെ സൂര്യാതപമേറ്റ പൊലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോപ്പുംപടി പൊലീസ് സ്റ്റേഷനില്‍ നിന്നും പട്രോളിംഗ് ഡ്യൂട്ടിക്കിറങ്ങിയ കെ.എന്‍ ഭരതന്‍ എന്ന സിവില്‍ പൊലീസ് ഓഫീസര്‍ക്കാണ് സൂര്യാതപമേറ്റത്.ആലപ്പുഴയിലും കൊല്ലത്തും 14 വീതം പേര്‍ക്കും പത്തനംതിട്ടയില്‍ 7 പേര്‍ക്കും സൂര്യാതപമേറ്റു.
കണ്ണൂരില്‍ ഒന്നര വയസുകാരന്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് സൂര്യാതപമേറ്റു.
പാലക്കാട് തുടര്‍ച്ചയായി നാലാം ദിവസവും 41 ഡിഗ്രി ചൂടാണ്രേ ഖപ്പെടുത്തിയത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ആലപ്പുഴയിലെ അംഗന്‍വാടികള്‍ക്ക് ഏപ്രില്‍ 6 വരെ അവധി നല്‍കി.