കോഴിക്കോട്:ഏറെ കൊട്ടിഘോഷിക്കപ്പെട്ട ബ്രഹ്മാണ്ഡ ചിത്രം രണ്ടാമൂഴം പ്രതിസന്ധിയിലേക്ക.്തന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എംടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചതോടെയാണ് ഇന്ത്യന്‍ സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രം ഇനി സ്‌ക്രീനിലെത്തുമോ എന്ന് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. നാലു വര്‍ഷം മുന്‍പ് കരാര്‍ ഒപ്പിട്ട സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ് എം.ടിയെ കേസ് നല്‍കാന്‍ പ്രേരിപ്പിച്ചത്.സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ് എം.ടി കേസ് ഫയല്‍ ചെയ്തത്.തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരികെ നല്‍കാമെന്നും ഹര്‍ജിയില്‍ പറയുന്നു.ഹര്‍ജി ഇന്ന് കോഴിക്കോട് മുന്‍സിഫ് കോടതി പരിഗണിച്ചേക്കും.
നാലുവര്‍ഷം മുമ്പാണ് ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. തുടര്‍ന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകള്‍ നല്‍കി.മൂന്നുവര്‍ഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും ചിത്രീകരണം തുടങ്ങിയില്ല.ഒരു വര്‍ഷം കൂടി സമയം നീട്ടിനല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് താന്‍ തിരക്കഥ തയ്യാറാക്കിയതെന്നും തന്റെ ആത്മാര്‍ത്ഥതയുടെ ഒരു അംശം പോലും അണിയറ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടായില്ലെന്ന തോന്നലാണ് പിന്‍മാറ്റത്തിന് കാരണമെന്നും എംടി പറയുന്നു.
കേന്ദ്ര കഥാപാത്രമായ ഭീമനായി മോഹന്‍ലാല്‍ എത്തുന്നുവെന്നത് ചലച്ചിത്രപ്രേണികളെ ഏറെ ആവേശം കൊള്ളിച്ചിരുന്നു.ഇന്ത്യന്‍ സിനിമയിലെതന്നെ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുമെന്ന് പ്രഖ്യാപിച്ച ചിത്രം നിര്‍മ്മിക്കുന്നത് വ്യവസായ പ്രമുഖനായ ബിആര്‍ ഷെട്ടിയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു.1000 കോടി മുതല്‍ മുടക്കില്‍ രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിനായി താന്‍ ഒരുവര്‍ഷം മാറ്റിവയ്ക്കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.