വടകര:കൊലയാളിയെന്ന് പരാമര്‍ശം നടത്തുകയും പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്നാരോപിച്ച് ആര്‍എംപി നേതാക്കള്‍ക്കെതിരെ വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന് വക്കീല്‍നോട്ടീസ് അയച്ചു.
കെ കെ രമ,എന്‍ വേണു,പി.കുമാരന്‍കുട്ടി എന്നിവര്‍ക്കെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ചൊവ്വാഴ്ച പരാതി നല്‍കും.വിഷയത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
കോഴിക്കോട് ആര്‍എംപി യോഗശേഷം മാധ്യമങ്ങളോടാണ് നേതാക്കള്‍ ടി പി ചന്ദ്രശേഖരന്റേതടക്കമുള്ള കേസുകളില്‍ പ്രതിയാണെന്നും കൊലയാളിയാണെന്നും ആരോപിച്ചത്. ചന്ദ്രശേഖരന് കേസില്‍ പ്രതിയാണെന്ന പ്രസ്താവനയും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്നും സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യവും കള്ളപ്രചാരണത്തിനു പിന്നിലുണ്ടെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ആരോപണം പിന്‍വലിച്ച് അഞ്ച് ദിവസത്തിനകം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.