കൊല്ലം:കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷത വഹിച്ചു.ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മന്ത്രി ജി.സുധാകരന്,കെ രാജു,ബിജെപി എംപിമാരായ വി മുരളിധരന്,സുരേഷ്ഗോപി,ഒ.രാജഗോപാല്‍ എംഎല്‍എ,തുടങ്ങിയവരടക്കം ബിജെപിയുടെ സംസ്ഥാനനേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തില്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും എല്ലാവര്ക്കും വികസനം എന്നതാണ് സര്‍ക്കാരിന്റെ സ്വപ്നമെന്നും മോഡി പറഞ്ഞു. ‘വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ജനങ്ങളോട് പ്രതിബദ്ധതയുണ്ട്. കൊല്ലം ബൈപ്പാസ് യാഥാര്‍ത്ഥ്യമായതില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിക്കുന്നു.രാജ്യത്തിന്റെ സമഗ്രവികസനമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു.കേരളത്തിന്റെ വികസനത്തില്‍ കേന്ദ്രം എപ്പോഴും പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.ചില പദ്ധതികള്‍ 20 മുതല്‍ 30 വര്‍ഷം വരെ എടുക്കുന്നതില്‍ അത്ഭുതം തോന്നിയിട്ടുണ്ടെന്നും അങ്ങനെ ചെയ്യുന്നത് ജനങ്ങളോട് കാണിക്കുന്ന അക്രമമാണെന്നും മോദി പറഞ്ഞു.
ആയിരത്തിലധികം കോടി ധനസഹായം കേരളത്തിന് നല്കി കഴിഞ്ഞു.അത് കൃത്യമായി വിനിയോഗിക്കണം.ടൂറിസം രംഗത്ത് ഇന്ത്യ കുതിപ്പിന്റെ പാതയിലാണ്.ലോകറാങ്കില്‍ നമ്മള് ഒരുപാട് മെച്ചപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഇ- വിസ നടപ്പാക്കിയത് നേട്ടമുണ്ടാക്കി’- പ്രധാനമന്ത്രി പറഞ്ഞു.
വികസന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും കൊല്ലം-കോട്ടപ്പുറം ജലപാതം 2020ല്‍ പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമാണു ബൈപാസ്.1972ല്‍ ആരംഭിച്ച പദ്ധതിയുടെ മൂന്നാംഘട്ടമായ കല്ലുംതാഴം ആല്‍ത്തറമൂട് ഭാഗവും പുനര്‍നിര്‍മിച്ചു വീതി കൂട്ടിയ ബാക്കി ഭാഗവുമാണു പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചത്.