ന്യൂഡല്‍ഹി:കോടതിയലക്ഷ്യത്തിന് മുന്‍ സിബിഐ ഡയറക്റ്റര്‍ എം നാഗേശ്വര്‍ റാവുവിന് സുപ്രീം കോടതി ശിക്ഷ വിധിച്ചു.ഒരു ലക്ഷം പിഴയും കോടതി പിരിയുന്നത് വരെ ഒരു ദിവസത്തെ തടവുമാണ് ശിക്ഷ.സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി മുസ്സാഫര്‍പുര്‍ അഭയ കേന്ദ്രം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ റാവു മാറ്റിയത് കോടതിയലക്ഷ്യമാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് പറഞ്ഞു.
അലോക്‌വര്‍മ്മയ്ക്കു പകരം സിബിഐ ഇടക്കാല ഡയറക്ടറായി ചുമതലയേറ്റപ്പോഴാണ് നാഗേശ്വര്‍ റാവു കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ബിഹാര്‍ ഷെല്‍ട്ടര്‍ ഹോം പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും സിബിഐ ജോയിന്റ് ഡയറക്ടറുമായിരുന്ന എ കെ ശര്‍മ്മയെ കോടതി വിധി ലംഘിച്ച് നാഗേശ്വര റാവു സ്ഥലം മാറ്റുകയായിരുന്നു.തുടര്‍ന്ന് റാവുവിനോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.നാഗേശ്വര റാവു കോടതിയില്‍ മാപ്പപേക്ഷിച്ചിരുന്നെങ്കിലും കോടതി അത് തള്ളിക്കളഞ്ഞിരുന്നു.