ന്യൂഡല്‍ഹി: വയനാട്ടിലേയും വടകരയിലേയും സ്ഥാനാര്‍ത്ഥികളില്ലാതെ കോണ്‍ഗ്രസിന്റെ ഒമ്പതാം സ്ഥാനാര്‍ത്ഥിപ്പട്ടികയും പുറത്തിറങ്ങി. തമിഴ്നാട്,കര്‍ണാടക,ബീഹാര്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്.
ഗ്രൂപ്പ് പോരിനെത്തുടര്‍ന്ന് തര്‍ക്കത്തില്‍കിടന്ന വയനാട് സീറ്റില്‍ ഒടുവില്‍ ടി സിദ്ദിഖിനെ തീരുമാനിച്ച് പ്രചരണവും സജീവമായപ്പോഴാണ് രാഹുല്‍ ഗാന്ധി വരുമെന്ന പ്രചരണമുണ്ടായത്. ഇതോടെ ടി സിദ്ദിഖ് പിന്‍മാറുകയായിരുന്നു.നിലവില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നേതാക്കള്‍ തന്നെ പലതട്ടുകളിലാണ്. വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം പിസി ചാക്കോ പറഞ്ഞിത്.വയനാട്ടില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ രാഹുലിന്റെ വരവില്‍ ആഹ്‌ളാദപ്രകടനം നടത്തി.
വടകരയില്‍ കെ.മുരളീധരന്റെ കാര്യത്തില്‍ തര്‍ക്കങ്ങളൊന്നുമില്ലെങ്കിലും വയനാടിനൊപ്പം പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.അതേസമയം വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനം വൈകരുതെന്ന് രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം രാഹുല്‍ മത്സരിക്കാന്‍ പരിഗണിച്ചിരുന്ന മറ്റ് മണ്ഡലങ്ങളായ ബംഗളുരു സൗത്തിലും ശിവഗംഗയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് കേരളത്തിലെ നേതാക്കളുടെ പ്രതീക്ഷ കൂട്ടിയിരിക്കുകയാണ്.ശിവഗംഗയില്‍ കാര്‍ത്തി ചിദംബരവും ബി കെ ഹരിപ്രസാദ് ബംഗളുരു സൗത്തിലും കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കും.ഇനി രാഹുലിനായി പരിഗണിച്ചതില്‍ ബാക്കിയുള്ളത് വയനാടാണെന്നും അതുകൊണ്ട് രാഹുല്‍ മല്‍സരിക്കാനെത്തുമെന്നുമാണ് കേരളത്തിലെ നേതാക്കളുടെ കണക്കുകൂട്ടല്‍.