ഗുജറാത്ത്: ബി.ജെ.പിയുടെ തൊലിയുരിക്കുന്ന പ്രസംഗങ്ങളും ഇടപെടലുകളുമായി രാഹുല്‍ ഗാന്ധി മാധ്യമങ്ങളില്‍ നിറയുകയാണ്. മോദിയെ വിമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ നീക്കങ്ങള്‍ക്ക് ദേശീയ മാധ്യമങ്ങളും വലിയ പ്രാധാന്യം നല്‍കുന്നു. ഒരു പ്രമുഖ ദേശീയ മാധ്യമം നിരീക്ഷിച്ചതുപോലെ കോണ്‍ഗ്രസ് അതിന്റെ നഷ്ടപ്പെട്ട പ്രൗഢി തിരിച്ചെടുക്കുകയാണ്, അതിന് വഴി തുറക്കുന്നത് പപ്പുമോനെന്ന് ബി.ജെ.പി കളിയാക്കി വിളിച്ച രാഹുല്‍ ഗാന്ധിയാണ്. ബിജെപിയുടെ ഉരുക്ക് കോട്ടകളില്‍ പോലും രാഹുലിന് ലഭിക്കുന്ന സ്വീകരണം ഇത് തെളിയിക്കുന്നു.

ഇതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ഒപ്പം ചിത്രമെടുക്കാന്‍ വാഹനത്തിന് മുകളിലേക്ക് ഏന്തിവലിഞ്ഞ് കയറിയ ആരാധിക ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചത്. സുരക്ഷാഭടന്മാരുണ്ടായിരുന്നെങ്കിലും ആരും ആരാധികയെ തടഞ്ഞില്ലെന്നുമാത്രമല്ല അവരെ കയറാനും ഇറങ്ങാനും സഹായിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ എഎന്‍ഐ ആണ് പങ്കുവച്ചിരിക്കുന്നത്.

ഇന്ന് രാഹുല്‍ കളളപ്പണത്തേപ്പറ്റിയും മോദിയുടെ പ്രഖ്യാപനങ്ങളുടെ പൊള്ളത്തരത്തേപ്പറ്റിയും സംസാരിച്ചു. മൂന്നുവര്‍ഷത്തെ മോദിയുടെ ഭരണത്തിനിടയില്‍ പിടികൂടി ജയിലിലടച്ച ഒരു കള്ളപ്പണക്കാരന്റെയെങ്കിലും പേര് പറയാമോ എന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു.

ഗുജറാത്തിലെ ബരൂജില്‍ ജനങ്ങളോട് സംസാരിച്ച രാഹുല്‍ ഗാന്ധി സ്വിസ് ബാങ്കിനേക്കുറിച്ചും കള്ളപ്പണത്തേക്കുഫിച്ചും മോദി സംസാരിക്കുന്നത് എടുത്തുപറഞ്ഞു. കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ മോദി എന്താണ് ചെയ്യുന്നത്? വിജയ് മല്യയെ നോക്കൂ. അദ്ദേഹം ലണ്ടനില്‍ അടിച്ചുപൊളിക്കുകയാണ്, മോദി എന്താണ് ചെയ്തത്? രാഹുല്‍ ചോദിക്കുന്നു. എല്ലാ പണവും കള്ളപ്പണമല്ല എന്ന കാര്യം മോദിക്ക് ബോധ്യമില്ല. ഒളിപ്പിച്ച് വയ്ക്കപ്പെട്ടവയാണ് കള്ളപ്പണം. മോദി അധികാരത്തിലെത്തിയിട്ട് മൂന്നുവര്‍ഷമായല്ലോ, എന്നാല്‍ എത്ര കള്ളപ്പണക്കാരെ ജയിലിലിട്ടിട്ടുണ്ടെന്നും രാഹുല്‍ ചോദ്യമുന്നയിച്ചു.