ന്യൂഡല്‍ഹി:കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന എന്‍.ഡി.തിവാരി (93) അന്തരിച്ചു.മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച നാലുമണിയോടെയായിരുന്നു അന്ത്യം. സെപ്തംബര്‍ 20നാണ് തിവാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായിരുന്ന തിവാരി അങ്ങനെ രണ്ടു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ ഏക നേതാവായി മാറി.മൂന്ന് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന തിവാരി ഉത്തര്‍പ്രദേശ് വിഭജിച്ച് ഉത്തരാഖണ്ഡ് രൂപീകരിച്ചപ്പോഴാണ് 2002 മുതല്‍ 2007 വരെ ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായത്.
1986-87 ലെ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയും 1987-88 കാലഘട്ടത്തില്‍ ധനകാര്യ മന്ത്രിയുമായിരുന്ന തിവാരി 2007-2009 വരെ ആന്ധ്രപ്രദേശ് ഗവര്‍ണറുമായിരുന്നു.2009 ല്‍ തന്റെ 86ാം വയസ്സില്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറായിരിക്കെ ലൈംഗീകാപവാദത്തെത്തുടര്‍ന്നാണ് തിവാരി സ്ഥാനം രാജിവെച്ചത്.
1994-ല്‍ കോണ്‍ഗ്രസ് വിട്ട ശേഷം അര്‍ജുന്‍ സിംഗിനൊപ്പം കോണ്‍ഗ്രസ് (തിവാരി) എന്ന പാര്‍ട്ടി രൂപീകരിച്ചിരുന്നു.പിന്നീട് സോണിയാ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷയായപ്പോള്‍ തിരികെ പാര്‍ട്ടിയിലെത്തി.