തിരുവനന്തപുരം: കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ തീരുമാനമെടുത്തതിന് പിന്നാലെ സി.പി.എമ്മിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.   രാജ്യത്ത് കോണ്‍ഗ്രസിന് മുന്നേറാന്‍ സഖാക്കളുടെ പിന്തുണ വേണ്ടെന്നാണ് ബല്‍റാം ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പിയോട് സി.പി.എം മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരിക്കെ സഖാക്കള്‍ എന്നതിന് പകരം ‘സംഘാക്കള്‍’ എന്നാണ് ബല്‍റാം വിശേഷിപ്പിച്ചിരിക്കുന്നത്. 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ഓ.. വല്ല്യ കാര്യായിപ്പോയി. അല്ലെങ്കിലും തള്ളന്താനങ്ങള്‍ക്ക് വിരുന്ന് നല്‍കിയും അമിട്ട് ഷാജിമാര്‍ക്ക് വഴിയൊരുക്കിയും നടക്കുന്ന സംഘാക്കളുടെ പിന്തുണയാലല്ല ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനം രാഹുല്‍ ഗാന്ധിയുടെ നേതൃത്ത്വത്തില്‍ മുന്നോട്ടുപോകാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. ‘കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുകൂടും’ എന്ന ഇഎംഎസിന്റെ മുദ്രാവാക്യം എത്രയോ തവണ പ്രാവര്‍ത്തികമാക്കിയവര്‍ ഇനിയും ചെകുത്താന്മാരെത്തന്നെ തലയിലേറ്റി നടന്നാല്‍ മതി. ഇടക്കിടക്ക് ആളെ പറ്റിക്കാന്‍ ഇന്ദ്രനും ചന്ദ്രനും ബ്രണ്ണന്‍ കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാല്‍ മതി. ഇപ്പോഴുള്ളപോലെ കുറേ അന്തംകമ്മികള്‍ കൂടെ നിന്നോളും. ഇടതുപക്ഷമാണത്രേ, ഇടതുപക്ഷം!