കോട്ടയം: കോണ്‍ഗ്രസ് അംഗങ്ങള്‍ വിട്ടുനിന്നതിനെത്തുടര്‍ന്ന് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു.ജോസ് കെ മാണി വിഭാഗവും പിജെ ജോസഫ് വിഭാഗവും അധ്യക്ഷ സ്ഥാനത്തിനായി പിടിമുറുക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കോണ്‍ഗ്രസ് നേതൃത്വം ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. തുടര്‍ന്നാണ് രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം അംഗങ്ങളോട് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടെ ക്വാറം തികയാതെ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ വ്യാഴാഴ്ച എന്തുവന്നാലും തെരഞ്ഞെടുപ്പ് നടക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അവസാനവര്‍ഷം കേരള കോണ്‍ഗ്രസിനാണെന്ന് യു.ഡി.എഫിലെ ധാരണ പ്രകാരമാണ് പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ അഡ്വ. സണ്ണി പാമ്പാടി രാജിവെച്ചത്.ജോസഫ് ഗ്രൂപ്പില്‍നിന്നു ജോസ് പക്ഷത്തേക്കെത്തിയ സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ജില്ലാപ്രസിഡന്റ് സണ്ണി തെക്കേടം വിപ്പും നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ജോസ് കെ മാണി പക്ഷം വിട്ട് അജിത്ത് മുതിരമല പി ജെ ജോസഫിനൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് പി ജെ ജോസഫ് അജിത്തിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി വോട്ടുചെയ്യണമെന്ന് വിപ്പും നല്കി. വിപ്പ് നല്‍കാനുള്ള അധികാരം ആക്ടിങ് ചെയര്‍മാനായ തനിക്കാണെന്ന് പി ജെ ജോസഫ് പ്രഖ്യാപിക്കുകയും ചെയ്തു.