കൊച്ചി:കോതമംഗലം പള്ളിത്തര്‍ക്ക വിഷയത്തില്‍ തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി.26 മണിക്കൂറിനുശേഷമാണ് അദ്ദേഹത്തെ പള്ളിയില്‍ നിന്നും മാറ്റിയത്.ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.അദ്ദേഹത്തെ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സഭാതര്‍ക്കത്തില്‍ കോടതിവിധി നടപ്പാക്കാനായി ഇന്നലെ പള്ളിയിലെത്തിയ ഓര്‍ത്തഡോക്സ് റമ്പാനെ യാക്കോബായ വിശ്വാസികളാണ് തടഞ്ഞത്.പോലീസ് സുരക്ഷയോടുകൂടിയാണ് റമ്പാന് സ്ഥലത്തെത്തിയത്.പ്രതിഷേധം ശക്തമായതോടെ റമ്പാനെ പോലീസ് അനുനയിപ്പിച്ച് സ്ഥലത്തുനിന്നും മാറ്റി.എന്നാല്‍ കുറച്ചുകഴിഞ്ഞ് തിരികെ വന്ന റമ്പാന് കോടതി പള്ളിയില്‍ കയറാതെ തിരികെ പോകില്ലെന്ന് പറഞ്ഞ് പള്ളിയുടെ പുറത്ത് വാഹനത്തില്‍ ഇരിക്കുകയായിരുന്നു.
അതേസമയം, കോതമംഗലം ചെറിയ പള്ളിത്തര്‍ക്കത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.കേന്ദ്ര സേനയുടെ സംരംക്ഷണം ആവശ്യപ്പെട്ട് റമ്പാന് തോമസ് പോള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.സുപ്രീം കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.കേസ് ജനുവരി നാലിന് വീണ്ടും പരിഗണിക്കും.