തിരുവനന്തപുരം:കോവളം ചൊവ്വരയില്‍ വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര പിഴവെന്ന പരാതിയുമായി കോണ്‍ഗ്രസ്.കൈപ്പത്തിക്ക് വോട്ട് ചെയ്താല്‍ താമര ചിഹ്നം തെളിയുന്നു എന്ന പരാതിയാണ് ഉയര്‍ന്നത്.കോവളത്ത് 151ാം നമ്പര്‍ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.76 പേര് വോട്ട് ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടെത്തിയത്.ഇവിടെ വോട്ടെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നെങ്കിലും പുതിയ മെഷീന് സ്ഥാപിച്ച് പോളിംങ് തുടങ്ങി.ചൊവ്വരയില്‍ ഇതുവരെയുള്ള വിവിപാറ്റ് എണ്ണണമെന്ന ആവശ്യവും കോണ്ഗ്രസ്സുകാര് ഉന്നയിച്ചിട്ടുണ്ട്.
എന്നാല്‍ ചൊവ്വരയിലെ വോട്ടിംഗ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ജില്ലാ ഇലക്ഷന് ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ.കെ. വാസുകി പ്രതികരിച്ചു.വോട്ട് മാറിപോകുന്നത് സാങ്കേതികമായി അസാധ്യമാണെന്നും ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ ബിജെപിക്ക് വോട്ട് ലഭിക്കുന്നുവെന്നുള്ള തകരാര്‍ അന്വേഷിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനും കളക്ടറുമാണെന്ന് തിരുവനനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ പറഞ്ഞു.യുഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്.അന്വേഷണം നടക്കട്ടെ. യന്ത്രങ്ങള്‍ക്ക് തെറ്റുപറ്റാം.എന്നാല്‍ താമരയ്ക്ക് മാത്രം ലഭിക്കുന്ന തകരാറുകള്‍ പ്രത്യേക തരം തകരാറാണോയെന്ന് അറിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ സംഭവിച്ച വിഷയം പരിശോധിക്കട്ടെയെന്ന് തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്.സുതാര്യമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ആരോപണങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കില്‍ പരിശോധിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.