മുൻ കേന്ദ്രമന്ത്രിമാരും നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനുമായ മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ്‌നിക് എന്നിവരിൽ ആരെങ്കിലും രാഹുൽ ഗാന്ധിയുടെ പിൻഗാമി ആകാൻ സാധ്യത ഏറെ. വാസ്നിക്കും ഖാർഗെയും ദലിത് നേതാക്കളാണ്. മുൻ യൂത്ത് കോൺഗ്രസ് മേധാവിയും മഹാരാഷ്ട്ര സ്വദേശിയുമാണ് വാസ്നിക്. അയൽ സംസ്ഥാനമായ കർണാടകയിൽ നിന്നുള്ള മുതിർന്ന പാർട്ടി നേതാവായ ഖാർഗെ പതിനാറാമത് ലോക്സഭയിൽ കോൺഗ്രസ് നേതാവായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രണ്ട് പേരും പരാജയപ്പെട്ടു. നിർണായക സിഡബ്ല്യുസി യോഗത്തിന് മുന്നോടിയായി യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (യുപിഎ) ചെയർപേഴ്‌സൺ സോണിയ ഗാന്ധി മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേൽ, എ കെ ആന്റണി എന്നിവരെ വെള്ളിയാഴ്ച കണ്ടു ചർച്ച നടത്തി.
നേതാവിനെ ഉടനെ പ്രഖ്യാപിക്കണം എന്ന ശശി തരൂരിന്റെ പ്രസ്താവനയാണ് സാമട്ടിൽ ഇഴഞ്ഞു നീങ്ങിയിരുന്ന കോൺഗ്രസ്സിനെ ഉണർത്തിയത്. എന്നാൽ യാതൊരുവിധ നേതൃത്വ പ്രശ്നങ്ങളും കോൺഗ്രസ്സിലില്ല എന്നതരത്തിലായിരുന്നു മറ്റൂ പല നേതാക്കളുടെയും ആ സമയത്തെ പ്രതികരണം.