കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം ശക്തിയാകുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലിന് വ്യവസായ മന്ത്രി എസി മൊയ്തീന്റെ അധ്യക്ഷതയില്‍ കോഴിക്കോട് കളക്ട്രേറ്റിലാണ് യോഗം കൂടുക.

പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ട് പോവാനാവും സര്‍ക്കാര്‍ ശ്രമം. സമരക്കാരേയും രാഷ്ട്രീയ സംഘടന പ്രതിനിധികളേയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.

എന്നാല്‍, സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് ഗെയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഗെയില്‍ അധികൃതരുമായി തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസ് ചര്‍ച്ച നടത്തുന്നുണ്ട്.

സമരം തുടരുന്ന മുക്കത്ത് യുഡിഎഫ് നേതക്കള്‍ സന്ദര്‍ശനം നടത്തി. വിഎം സുധീരന്‍, പികെ കുഞ്ഞാലിക്കുട്ടി എം.പി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം. ഗെയില്‍ സമരസമിതിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി വിഎം സുധീരന്‍ പറഞ്ഞു. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് കമ്മ്യൂണിസ്റ്റ് നയമല്ല, മുഖ്യമന്ത്രിയുടേത് ഏകാധിപതികളുടെ പെരുമാറ്റമാണെന്നും വിഎം സുധീരന്‍ ആരോപിച്ചു.