പനാജി:ഗോവയില്‍ ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ആരെയും അമ്പരിപ്പിക്കുന്നത്.എന്തു സംഭവിച്ചാലും ഗോവയിലെ ഭരണം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ബിജെപി.ഇന്നലെ ഭരണമുന്നണിയിലെ ഘടകകക്ഷി എംഎല്‍എമാരില്‍ രണ്ടുപേരെയാണ് ബിജെപി സ്വന്തം പാളയത്തിലെത്തിച്ചത്.ഗോവയില്‍ മൂന്ന് സീറ്റുള്ള മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടിയുടെ ദീപക് പോസ്കര്‍, മനോഹര്‍ അജ്ഗോയങ്കര്‍ എന്നീ രണ്ട് എംഎല്‍എമാരാണ് ഇന്നലെ ബിജെപിയില്‍ ചേര്‍ന്നത്.ഇതോടെ സംസ്ഥാനത്ത് ബിജെപിക്ക് 14 അംഗങ്ങളായി.കോണ്‍ഗ്രസിനും 14 അംഗങ്ങളാണുള്ളത്.
രണ്ട് എംജിപി എംഎല്‍എമാര്‍ പുലര്‍ച്ചെ ഒന്നരയോടെ തന്റെ ഓഫീസില്‍ ബന്ധപ്പെട്ട് തങ്ങള്‍ ബിജെപിയില്‍ ചേര്‍ന്ന വിവരം അറിയിച്ചെന്ന് ഗോവ നിയമസഭാ സ്പീക്കര്‍ മൈക്കല്‍ ലോബോ അറിയിച്ചു.
മനോഹര്‍ പരീക്കറുടെ മരണത്തോടെ ഭരണം അനിശ്ചിതത്വത്തിലായ ഗോവയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ചെങ്കിലും മറ്റു പാര്‍ട്ടികളുടെ പിന്തുണയോടെ ബിജെപി ഭരണം നിലനിര്‍ത്തുകയായിരുന്നു.
അതേസമയം ബിജെപിയോട് വിലപേശി ഡപ്യൂട്ടി മുഖ്യമന്ത്രിയായ മഹാരാഷ്ട്രാവാദി ഗോമന്തക് പാര്‍ട്ടിയുടെ അവശേഷിക്കുന്ന എംഎല്‍എ സുധിന്‍ ധവലിക്കറിന് മിക്കവാറും പദവി നഷ്ടപ്പെടാനാണ് സാധ്യത.
ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ മത്സരിക്കില്ലെന്ന് ഉറപ്പു നല്കിയ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി ഇപ്പോള്‍ മല്സരിക്കാനിറങ്ങിയതാണ് ബിജെപിയുടെ നീക്കത്തിന് കാരണമായത്. ഡെപ്യൂട്ടി മുഖ്യമന്ത്രി സുധിന്റെ സഹോദരന് ദീപക് ഷിരോദ മണ്ഡലത്തില്‍ ബിജെപിക്കെതിരെ മത്സരിക്കാനിറങ്ങിയതോടെ മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയെ പിളര്‍ത്തി ബിജെപി തങ്ങളുടെ അംഗബലം വര്‍ധിപ്പിക്കുകയായിരുന്നു.