ന്യൂഡല്‍ഹി:പതിനാലു വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനൊടുവില്‍ പ്രമുഖ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് 37 കാരനായ ഗംഭീര്‍ വിരമിക്കുന്ന കാര്യം ലോകത്തെ അറിയിച്ചത്.ഏകദിനം, ടെസ്റ്റ്, 20- ട്വന്റി തുടങ്ങി ക്രിക്കറ്റിന്റെ എല്ലാ വിഭാഗം മല്‍സരങ്ങളില്‍നിന്നും വിരമിച്ചതായി അദ്ദേഹം പറഞ്ഞു.
ഐസിസിയുടെ പ്ലെയര്‍ ഓഫ് ഇയര്‍ പുരസ്‌കാരം നേടിയ ഗംഭീര്‍ ഇന്ത്യക്കായി 58 ടെസ്റ്റും 147 ഏകദിനവും കളിച്ചിട്ടുണ്ട്.ടെസ്റ്റില്‍ നിന്ന് 4154 റണ്‍സും ഏകദിനത്തില്‍ നിന്ന് 5238 റണ്‍സും നേടി.2007 ലെ 20-ട്വന്റി ലോകകപ്പ്,2011 ലെ ഏകദിന ലോകകപ്പ് എന്നിവ നേടുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.ഐപിഎല്‍ മല്‍സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 2012ലും 2014ലും ചാമ്പ്യന്‍മാരാക്കി.2016 ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റിലാണ് ഇന്ത്യയ്ക്കുവേണ്ടി അവസാനമായി കളിച്ചത്.ദേശീയ ടീമിലേക്കു തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിയാതെ വന്നതോടെയാണ് ഗംഭീര്‍ വിരമിക്കാന്‍ തീരുമാനിച്ചത്.