ന്യൂഡല്‍ഹി:ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രധാന വിധി പ്രഖ്യാപനവുമായി സുപ്രീംകോടതി.സ്ത്രീ പ്രവേശനത്തിന് പ്രായഭേദമില്ലെന്നും കോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായി ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്,എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
നാലു ജഡ്ജിമാരും ഒരേ അഭിപ്രായം പ്രസ്താവിച്ചപ്പോൾ ജസ്റ്റീസ് ഇന്ദു മൽഹോത്ര പൊതു അഭിപ്രായത്തോട് വിയോജിച്ചുള്ള പ്രത്യേക വിധി പ്രസ്താവിച്ചു.
ശബരിമല സന്ദര്‍ശിക്കുന്നവരെ ഹിന്ദുമതത്തിനുള്ളിലെ പ്രത്യേകവിഭാഗമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് വാദം കേള്‍ക്കുമ്പോള്‍ തന്നെ സുപ്രീംകോടതി പറഞ്ഞിരുന്നു.അക്കാര്യം വിധിയില്‍ ആവര്‍ത്തിച്ചു.സവിശേഷമായ സ്വഭാവമുണ്ടെങ്കില്‍ മാത്രമേ മതത്തിനുള്ളിലെ പ്രത്യേകവിഭാഗമെന്ന പരിഗണന നല്കാന് കഴിയുകയുള്ളെന്നും കോടതി പറഞ്ഞു.സ്ത്രീകള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമങ്ങള്‍ ഭരണഘടന വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി.
ആരാധനയ്ക്ക് ഉള്ള ഭരണഘടനയുടെ 25 അനുച്ഛേദത്തിന്റെ അവകാശം സ്ത്രീക്കും പുരുഷനും തുല്യമെന്ന് ജസ്റ്റിസ് നരിമാന് പറഞ്ഞു.സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് അവരെ തരംതാഴ്ത്തുന്നതിന് തുല്യമാണ്.ശാരീരിക അവസ്ഥയുടെ പേരില്‍ ആരേയും മാറ്റി നിര്‍ത്തരുത്. മതത്തിലെ പുരുഷാധിപത്യം സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. 2006 -ല്‍ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണ് സുപ്രീംകോടതിയെ സമീപിച്ചത്.പ്രധാന ഹര്‍ജിക്കു പിന്നാലെ അതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി അനുബന്ധ ഹര്‍ജികളും കോടതിയുടെ പരിഗണനയ്ക്കെത്തി. തുല്യതയും മതാചാരം അനുഷ്ഠിക്കാനുള്ള അവകാശവും വാഗ്ദാനം ചെയ്യുന്ന ഭരണഘടനാ അനുച്ഛേങ്ങളുടെ ലംഘനമാണ് പ്രവേശനവിലക്കെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനവും വിലക്കിന് പിന്നിലുണ്ടെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.
സ്ത്രീകള്‍ക്ക് പ്രായഭേദമെന്യേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.ആര്‍ത്തവംപോലെ തികച്ചും ശാരീരികമായ അവസ്ഥയുടെ പേരിലുള്ളതാണ് പ്രവേശനവിലക്കെങ്കില്‍ അത് 14,15, 17 അനുച്ഛേദങ്ങളുടെ ലംഘനമാകുമോ?അത്തരം വിലക്ക് മതപരമായ ആചാരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട 25, 26 അനുച്ഛേദങ്ങള്‍ പ്രകാരം ന്യായീകരിക്കാന്‍ കഴിയുമോ?ശബരിമലയിലെ അയ്യപ്പക്ഷേത്രത്തിന് മതത്തിനുള്ളിലെ സവിശേഷ പദവി അര്ഹിക്കാന് കഴിയുമോ?കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഞ്ചിതനിധിയില്‍നിന്നുള്ള ഫണ്ട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്ഷേത്രത്തില്‍ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളെ ഒഴിവാക്കാന്‍ സാധിക്കുമോ?കേരള ഹൈന്ദവ ആരാധനലായ 3 (ബി) ചട്ടം 10 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കാനുള്ള നടപടിക്ക് മതിയായ പിന്‍ബലമാകുമോ? കേരള ഹൈന്ദവ ആരാധനാലായ നിയമത്തിന് വിരുദ്ധമാണോ അതിലെതന്നെ 3 (ബി) ചട്ടം തുടങ്ങിയ വിഷയങ്ങളാണ് ഭരണഘടനാബെഞ്ച് പരിശോധിച്ചത്.