കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കു നാളെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന് മേള ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6 മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. തുടര്‍ന്ന ഉദ്ഘാടന ചിത്രമായ പാസ്ഡ് ബൈ സെന്‍സറിന്റെ പ്രദര്‍ശനവും മേളയില്‍ നടക്കും. നടി ശാരദയാണ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുക. 27 വനിത സംവിധായകരുടെ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതും ഇക്കൊല്ലത്തെ മുഖ്യാകര്‍ഷണങ്ങളിലൊന്നാണ്. ലോകസിനിമ എന്ന വിഭാഗത്തിലാണ് സ്ത്രീ സംവിധായകരുടെ ചിത്രങ്ങള്‍ ഏറെയും പ്രദര്‍ശിപ്പിക്കുന്നത്. കൂടാതെ ഇന്ത്യന്‍ സിനിമ ഇന്ന്, കാലിഡോസ്കോപ്പ്, തുടങ്ങി വിഭാഗങ്ങളിലും ഇവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിദേശി സംവിധായകര്‍ക്കൊപ്പം മലയാളി സംവിധായിക ഗീതുമോഹന്‍ദാസ്, ഇന്ത്യന്‍ സംവിധായകരായ സീമ പഹ്വ, ഗീതാഞ്ജലി റാവു, അപര്‍ണ സെന്‍ തുടങ്ങിയവരുടെ ചിത്രങ്ങളും മേളയുടെ ഭാഗമാകും.