കൊച്ചി:പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു.64 വയസായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കരള്‍ രോഗത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു.സംസ്‌കാരം നാളെ കാഞ്ഞിരപ്പള്ളിയില്‍.
രാജാവിന്റെ മകന്‍ എന്ന ഒറ്റ ചിത്രം മാത്രം മതി തമ്പി കണ്ണന്താനത്തിന്റെ പ്രതിഭയുടെ മാറ്റുരയ്ക്കാന്‍.സംവിധായകനായി മാത്രമല്ല നിര്‍മ്മാതാവ്,തിരക്കഥാകൃത്ത്, നടന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലും അദ്ദേഹം കഴിവു തെളിയിച്ചു.സംവിധായകന്‍ ജോഷിയുടെ സഹായിയായി ചലച്ചിത്ര ജീവിതം ആരംഭിച്ച തമ്പി കണ്ണന്താനം 1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് തന്റെ സിനിമാ കരിയറിന് തുടക്കമിട്ടു.
1986-ല്‍ പുറത്തിറങ്ങിയ ‘രാജാവിന്റെ മകന്‍’ എന്ന ചിത്രം സൂപ്പര്‍ ഹിറ്റായി മാറി.നടന്‍ മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്.വഴിയോരക്കാഴ്ചകള്‍,ഭൂമിയിലെ രാജാക്കന്മാര്‍,ഇന്ദ്രജാലം,നാടോടി,ചുക്കാന്‍, മാന്ത്രികം തുടങ്ങി നിരവധി പതിനഞ്ചിലേറെ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.
അട്ടിമറി’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.5 ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും 3 ചിത്രങ്ങള്‍ക്ക് തിരക്കഥ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.
1953 ഡിസംബര്‍ 11ന് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായായാണ് തമ്പി കണ്ണന്താനം ജനിച്ചത്.ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവര്‍ മക്കളാണ്.