തിരുവനന്തപുരം:ചാരക്കേസില്‍ ആരോപണവിധേയനായി മാധ്യമവിചാരണകള്‍ നേരിടേണ്ടിവന്ന ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരത്തുകയായ 50 ലക്ഷം രൂപ മുഖ്യമന്ത്രി കൈമാറി.സുപ്രീംകോടതി വിധി അനുസരിച്ചാണ് തുക നല്‍കിയത്.ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാണ് കോടതി പറഞ്ഞത്.ഇത് നിയമപരമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്പിനാരായണന്റെ പോരാട്ടം നീതിക്കു വേണ്ടിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് കേസില്‍ അനുകൂല വിധി നേടിയെടുക്കാന്‍ സഹായകമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.നിക്ഷിപ്ത താല്‍പര്യത്തിന് രാഷ്ട്രീയ നേതൃത്വം ചാരക്കേസിനെ ഉപയോഗിച്ചു.അന്വേഷണ ഏജന്‍സികള്‍ക്ക് വഴി തെറ്റിയപ്പോള്‍ അതിനപ്പുറം പോകാന്‍ ചില മാധ്യമങ്ങള്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയനേട്ടം മാത്രമായിരുന്നില്ല ചാരക്കേസിന്റെ ലക്ഷ്യമെന്നും അതിനു പിന്നിലെ ഗൂഡാലോചന കണ്ടെത്തണമെന്നും നമ്പി നാരായണന്‍ പറഞ്ഞു.സുപീംകോടതി വിധി വന്ന് മൂന്നാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം കിട്ടിയതിലും,സര്‍ക്കാര്‍ ഒപ്പമുണ്ടെന്നതിലും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.