കൊച്ചി:താരസംഘടനയായ എഎംഎംഎയിലെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നത ഉടലെടുത്തതിന്റെ തെളിവായി ജഗദീഷിന്റെ പത്രക്കുറിപ്പും സിദ്ദിഖിന്റേയും കെപിഎസി ലളിതയുടേയും വാര്‍ത്താസമ്മേളനവും.
അമ്മയുടെ വക്താവ് എന്ന നിലയില്‍ ഇന്ന് രാവിലെ നടന് ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പിനെ തള്ളിപ്പറഞ്ഞ സദ്ദിഖ് പത്രക്കുറിപ്പ് പുറത്തിറക്കാന്‍ ആരാണ് ജഗദീഷിനെ ചുമതലപ്പെടുത്തിയതെന്ന് അറിയില്ലെന്നാണ് പറഞ്ഞത്.സംഘടനയുടെ ഖജാന്‍ജി മാത്രമാണ് ജഗദീഷെന്നാണ് സിദ്ദിഖ് പറഞ്ഞത്.പ്രസിഡന്റ് മോഹന്‍ലാല്‍,വൈസ് പ്രസിഡന്റ് ഗണേശ് കുമാര്‍,ഇടവേള ബാബു എന്നിവരുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് താന്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തതെന്നും സിദ്ദിഖ് പറഞ്ഞു.
എന്നാല്‍ സിദ്ദിഖിന്റെ പരാമര്‍ശങ്ങളെ പാടെ തള്ളിക്കളഞ്ഞ ജഗദീഷ് പറഞ്ഞത് താന്‍ അമ്മയുടെ വക്താവാണെന്നും പ്രസിഡന്റ് മോഹന്‍ലാലിനോട് ചര്‍ച്ച ചെയ്തശേഷമാണ് പത്രക്കുറിപ്പിറക്കിയതെന്നുമാണ്.സിദ്ദിഖടക്കം എല്ലാ ഭാരവാഹികള്‍ക്കും ഇതയച്ച് നല്‍കിയിരുന്നു.അച്ചടക്കമുള്ള അംഗമെന്ന നിലയില്‍ താന്‍ കൂടുതല്‍ പറയുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി.
