കോട്ടയം : നഗരപരിസരങ്ങളില്‍ വലിപ്പമേറിയ ഒച്ചുകള്‍ പെരുകുന്നത് ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. രാക്ഷസ ഒച്ചുകളെന്നറിയപ്പെടുന്ന ആഫ്രിക്കന്‍ ഒച്ചുകളാണിതെന്നാണ് പ്രാഥമിക നിഗമനം. ഇവയുടെ ശല്യം കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും വ്യാപിച്ചതോടെയാണ് നാട്ടുകാര്‍ ആശങ്കയിലായത്.

കോട്ടയം റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള വീടുകളോട് ചേര്‍ന്നാണ് രാക്ഷസ ഒച്ചുകളെ ആദ്യം കണ്ടു തുടങ്ങിയത്. ഇവ പിന്നീട് പെരുകി വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും വ്യാപിച്ചതോടെ ജനങ്ങള്‍ പേടിച്ചിരിക്കുകയാണ്.

വാഴ, പപ്പായ, ചെടികള്‍ തുടങ്ങിയവയാണ് ഒച്ചുകളുടെ ഇഷ്ടവിഭവങ്ങള്‍. പത്ത് വര്‍ഷം വരെ ആയുസുള്ള ഇവ ഒരുസമയം ആയിരത്തിലധികം മുട്ടയിടുമെന്നാണ് കണ്ടെത്തല്‍. കടുത്ത ദുര്‍ഗന്ധവും കുട്ടികള്‍ക്കിടയില്‍ രോഗങ്ങള്‍ക്കും കാരണമാകുന്ന ഒച്ചിനെ നശിപ്പിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും ശ്രദ്ധയുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രദേശത്തെ ഒട്ടുമിക്ക വീടുകളുടെയും വിറകുപുരകള്‍, ഷെഡുകള്‍, കുളിമുറികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒച്ച് കൂട്ടമായി പറ്റിപ്പിടിച്ചിരിക്കുകയാണ്. അധികം വൈകാതെ ശല്യം വീടിനുള്ളിലേക്കും വ്യാപിക്കുമെന്നും ആളുകള്‍ ഭയക്കുന്നു. കപ്പലില്‍ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത തടികളിലൂടെയും മറ്റുമാണ് ഇവ കേരളത്തിലെത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്.