കൊച്ചി:രാജ്യസഭാ എംപിയായി ജനങ്ങള്‍ക്കു വേണ്ടി എന്തു ചെയ്യാന്‍ കഴിയുമെന്ന് കാണിച്ചു തന്ന വ്യക്തിയാണ് പി.രാജീവ് എന്ന് സംവിധായകന് മേജര്‍ രവി.ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ പി.രാജീവ് തികച്ചും യോഗ്യനാണ്.ഇന്ത്യയെ സ്നേഹിക്കുന്നവര്‍ ജനങ്ങള്‍ക്ക് ഉപകരിക്കുന്നവരെ വേണം ലോക്സഭയിലേക്ക് തെരഞ്ഞെടുത്ത് അയയ്ക്കാനെന്നും മേജര്‍ രവി പറഞ്ഞു. കൊച്ചിയില്‍ പി.രാജീവിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മേജര്‍ രവി.
രാജീവ് അനുജനെ പോലെയാണ്. എപ്പോഴും ചിരിക്കുന്ന മുഖത്തോടെയും കുട്ടികളുടെ നിഷ്കളങ്കതയോടെയുമാണ് രാജീവിനെ കാണാനാകുന്നത്. ലോക്സഭയിലെ എംപിമാര്‍ പോലും ചോദിക്കാത്ത ചോദ്യങ്ങളാണ് കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി രാജ്യസഭയില്‍ രാജീവ് ചോദിച്ചത്. ഇതിലും കൂടുതല്‍ അദ്ദേഹം ഇറങ്ങി പ്രവര്‍ത്തിക്കും എന്ന് തനിക്ക് ഉറപ്പുണ്ടെന്നും മേജര്‍ രവി പറഞ്ഞു.
ബിജെപി അനുഭാവിയായിരുന്ന മേജര്‍ രവിയെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പു വേദിയില്‍ കണ്ടത് പലര്‍ക്കും അദ്ഭുതമായിരുന്നു. പലപ്പോഴും ഇടതുപക്ഷ നിലപാടുകളെ അദ്ദേഹം എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്.