[author ]നിസാര്‍ മുഹമ്മദ്[/author]
തിരുവനന്തപുരം: ഇടതുമുന്നണി നടത്തുന്ന ജനജാഗ്രതാ യാത്രയ്ക്കിടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കള്ളക്കടത്ത് കേസിലെ പ്രതിയുടെ കാറില്‍ സഞ്ചരിച്ച് വിവാദത്തില്‍ കുടുങ്ങിയതോടെ സി.പി.എം വലിയ രാഷ്ട്രീയ പ്രതിസന്ധിയിലായി.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഏഴാം പ്രതി കാരാട്ട് ഫൈസലിന്റെ ഉടമസ്ഥതയിലുള്ള 44 ലക്ഷം രൂപ വിലവരുന്ന ബി.എം.ഡബ്ല്യൂ മിനി കൂപ്പര്‍ കാറില്‍ കയറി കോഴിക്കോട് കൊടുവള്ളിയിലൊരുക്കിയ സ്വീകരണ സമ്മേളനത്തില്‍ കോടിയേരി പങ്കെടുത്തതാണ് അതിവേഗം കരകയറാനാവാത്ത പ്രതിസന്ധിയിലേക്ക് സി.പി.എമ്മിനെ തള്ളിവിട്ടിരിക്കുന്നത്.
സംഭവം പുറത്തറിഞ്ഞതോടെ കാരാട്ട് ഫൈസല്‍ കള്ളക്കടത്ത് കേസിലെ പ്രതിയാണെന്ന വിവരം അറിയില്ലെന്നായിരുന്നു നേതാക്കളുടെ ആദ്യ പ്രതികരണം. കൊടുവള്ളിയിലെ പാര്‍ട്ടി നേതൃത്വത്തിന് സ്വന്തമായി കാര്‍ ഇല്ലാത്തതിനാല്‍ ഇയാളുടെ കാര്‍ വാടകയ്ക്ക് എടുക്കുകയായിരുന്നുവെന്ന് പിന്നീട് പ്രതികരണം തിരുത്തി. വിവാദം ചൂടുപിടിച്ചതിനൊടുവില്, സംഭവത്തെക്കുറിച്ച് പാര്‍ട്ടിതലത്തില്‍ അന്വേഷണം നടത്തുമെന്ന് കോടിയേരി തന്നെ പ്രഖ്യാപിച്ചു.
സി.പി.എം പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച് കാര്‍ വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് ഫൈസല്‍ പറയുന്നത്. അക്കാര്യം മുന്‍നിര്‍ത്തി പ്രാദേശിക നേതാക്കള്‍ക്ക് ഉണ്ടായ വീഴ്ചയെന്ന വാദമുന്നയിച്ച് തടിയൂരാനാണ് പാര്‍ട്ടിയുടെ ശ്രമം. ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടി പി. മോഹനന് സെക്രട്ടറിയായ ജില്ലാ കമ്മിറ്റിയില്‍ നിന്ന് വിശദീകരണം തേടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.
എന്നാല്‍, കാരാട്ട് ഫൈസലുമായി കോടിയേരിക്ക് നേരത്തെ മുതലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് പാര്‍ട്ടിയിലെ ഒരുവിഭാഗം സൂചന നല്‍കിയതോടെ വിഷയം ജില്ലാ നേതൃത്വത്തില്‍ ഒതുങ്ങില്ലെന്ന് ഉറപ്പായി. ഇതിനിടെ, കോടിയേരിയും ഫൈസലുമായുള്ള ബന്ധം രാഷ്ട്രീയ പ്രതിയോഗികള്‍ ആയുധമാക്കുകയും ചെയ്തു.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് പൊലീസ് പിടിച്ചുവെച്ച ഫൈസലിന്റെ പാസ്പോര്‍ട്ട് തിരിച്ചുകിട്ടാന്‍ കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ സഹായിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം കേന്ദ്ര ഏജന്‍സിയെ സമീപിക്കാനൊരുങ്ങുകയാണ്.
സ്വര്‍ണക്കടത്ത് മാഫിയയുടെ ആളാണ് കോടിയേരിയെന്നും കാരാട്ട് ഫൈസല്‍, ഫയാസ് എന്നിവരുമായി അദ്ദേഹത്തിന് അടുത്തബന്ധമാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആരോപണം ഉന്നയിച്ചു. എന്നാല്‍ കോടിയേരി ബാലകൃഷ്ണനെ അറിയില്ലെന്ന് പറഞ്ഞ് ഫൈസല്‍ സി.പി.എമ്മിനെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി.
കോടിയേരിയും ഫൈസലും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളും ഈ കാര്‍ സി.പി.എമ്മിന്റെ വിവിധ പരിപാടികള്‍ക്ക് ഉപയോഗിച്ചതിന്റെ ചിത്രങ്ങളും ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.
സ്വര്‍ണക്കടത്ത് കേസില്‍ ഫൈസല്‍ പ്രതിയല്ലെന്ന വാദം ഉയര്‍ത്താന്‍ ശ്രമിച്ചതാണ് തുടക്കത്തില്‍ തന്നെ സി.പി.എമ്മിന് തിരിച്ചടിയായത്. ഈ വാദം ഖണ്ഡിച്ച് കേസിലെ ഒന്നാംപ്രതി ഷഹബാസ് രംഗത്തുവന്നതാണ് പാര്‍ട്ടിയെ വെട്ടിലാക്കിയത്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ താനും കാരാട്ട് ഫൈസലും പ്രതികളായി ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഫൈസല്‍ തന്റെ ബിസിനസ് പാര്‍ട്ട്ണറാണെന്നും ഷഹബാസ് വെളിപ്പെടുത്തി. കേസില്‍ പ്രതിയല്ലെന്ന ഫൈസലിന്റെ വാദം നുണയാണെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡി.ആര്.ഐ) ആവര്‍ത്തിക്കുന്നു. ഇപ്പോഴും കേസിലെ ഏഴാം പ്രതിയാണ് ഫൈസല്‍.
മുഖ്യപ്രതി ഷഹബാസിന്റെ പങ്കാളിയാണ് ഫൈസലെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഷഹബാസിന്റെ കാറാണ് ഫൈസലിന്റെ വീട്ടില്‍നിന്നു കണ്ടെടുത്തത്. വിവിധ വിമാനത്താവളങ്ങള്‍വഴി 11.7 കോടി രൂപയുടെ സ്വര്‍ണം കടത്തിയതായും കണ്ടെത്തിയിട്ടുണ്ടെന്നും ഡി.ആര്.ഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
2014 മാര്‍ച്ച് 26ന് ആണ് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ ഡി.ആര്.ഐ കാരാട്ട് ഫൈസലിനെ അറസ്റ്റ് ചെയ്തത്. അമ്പതു കിലോയിലേറെ സ്വര്‍ണം ഫൈസലും ഷഹബാസും കൂട്ടരും കടത്തിയെന്നാണ് കണക്കുകള്‍.
എയര്‍ ഹോസ്റ്റസുമാരെയും ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഷഹബാസിന്റെ ആഡംബര കാര്‍ അന്ന് കൊടുവള്ളി പഞ്ചായത്ത് അംഗവും ഇപ്പോള്‍ മുനിസിപ്പല്‍ അംഗവുമായ കാരാട്ട് ഫൈസലിന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു ഫൈസലിനെ അറസ്റ്റ് ചെയ്തത്.