[author image=”http://veekshanamonline.media/wp-content/uploads/2017/10/v-m-sudheeran.jpg” ]വി. എം. സുധീരന്[/author]ജനങ്ങള്‍ക്കും നാടിനും ദ്രോഹം ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനും തുടര്നടപടികള്ക്കുമെതിരെയുള്ള പ്രതിഷേധ സമരങ്ങളുടെ ഭാഗമായി 23ന് സെക്രട്ടേറിയറ്റിലേക്ക് ബഹുജനമാര്‍ച്ച് നടത്തുകയാണ്. സെപ്തംബര്‍ 26 ന് സെക്രട്ടേറിയേറ്റിനു മുമ്പില്‍ നടന്ന ആധ്യാത്മികസാമൂഹ്യസാംസ്കാരിക നായകരുടെ സത്യാഗ്രഹത്തിന്റെ തുടര്‍ച്ചയാണിത്. ജനങ്ങളേയും തലമുറകളേയും സര്‍വ്വനാശത്തിലേക്ക് തള്ളിവിടുന്ന മദ്യനയത്തിനും സര്‍ക്കാര്‍ നടപടികള്‍ക്കുമെതിരായി നാടെങ്ങും ഉയരുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന ജനാധിപത്യവിരുദ്ധ സമീപനമാണ് സര്‍ക്കാരിന്റേത്. ഒരു ജനകീയ ഭരണകൂടത്തിന് ഇതൊട്ടും ഭൂഷണമല്ല.
പുതിയ മദ്യനയം ലക്ഷ്യമിടുന്നത് മദ്യവര്‍ജ്ജനമാണെന്ന് അവകാശപ്പെട്ടുകൊണ്ട് മദ്യശാലകളുടെ എണ്ണം വ്യാപകമാക്കുന്നതും മദ്യ ഉപയോഗത്തിനുള്ള സാഹചര്യത്തിന് കളമൊരുക്കുന്നതും തികഞ്ഞ വൈരുദ്ധ്യമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനസമക്ഷം സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനത്തിന്റെ നഗ്നമായ ലംഘനമാണിത്. പ്രകടനപത്രികയിലെ 552ാം ഖണ്ഡികയില്‍ മദ്യനയത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്, ‘മദ്യം കേരളത്തില്‍ ഗുരുതരമായ സാമൂഹ്യവിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സ്വീകരിക്കുക. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.’ മദ്യശാലകള്‍ വ്യാപകമാക്കി എങ്ങനെയാണ് മദ്യലഭ്യതയും ഉപയോഗവും കുറയ്ക്കുന്നത്..? നാടെങ്ങും മദ്യമൊഴുക്കി എങ്ങനെയാണ് മദ്യവര്‍ജ്ജനത്തെ പ്രോല്‍സാഹിപ്പിക്കുന്നത്..? അക്ഷരാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് നല്കിയ ഉറപ്പുകള്‍ കാറ്റില്‍ പറത്തി ജനങ്ങളെ വഞ്ചിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് മദ്യശാലകള്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് കേരളീയ സമൂഹത്തിലുണ്ടായ ഗുണപരമായ മാറ്റങ്ങളെ തമസ്കരിക്കുന്നതും സര്‍ക്കാരിന്റെ മുഖ്യകര്മ്മമായി മാറ്റിയിരിക്കുന്നു.
പുതിയ മദ്യനയത്തിന് ആധാരമായി സര്‍ക്കാര്‍ പറയുന്ന കാര്യങ്ങളൊക്കെ വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. മദ്യശാലകള്‍ അടച്ചുപൂട്ടിയത് മൂലം ടൂറിസം മേഖല തകര്‍ന്നു എന്ന വാദമാണ് പ്രധാനമായും സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ടൂറിസം വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ തന്നെയാണ് ഇതിനുള്ള കൃത്യമായ മറുപടി. മദ്യശാലകള്‍ അടച്ചുപൂട്ടിയതിന് ശേഷവും കേരളത്തിലേക്ക് ടൂറിസ്റ്റുകളുടെ എണ്ണം നല്ലരീതിയില്‍ തന്നെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ആ മേഖലയില്‍ നിന്നുള്ള വരുമാനത്തിനും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതെല്ലാം ടൂറിസം വകുപ്പിന്റെ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. 2014 നേക്കാള്‍ 1,15,053 വിദേശ ടൂറിസ്റ്റുകള്‍ 2016ല്‍ കേരളത്തില്‍ വന്നു. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ആകട്ടെ 14,77,124 പേരുടെ വര്‍ദ്ധനവുണ്ടായി. ടൂറിസം മേഖലയില്‍ നിന്നുള്ള മൊത്തം വരുമാനത്തില്‍ 4,774 കോടി രൂപ 2014 നേക്കാള്‍ അധികമായി ലഭിച്ചു. ഈ വസ്തുതകള്‍ എല്ലാം നിലനില്‍ക്കേ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും കബളിപ്പിക്കാനും ആണ് മന്ത്രിമാര്‍ ശ്രമിക്കുന്നത്. വിനോദ സഞ്ചാര മേഖലയെ രക്ഷിക്കാനാണ് മദ്യശാലകള്‍ വ്യാപിപ്പിക്കുന്ന നയമെന്ന വാദഗതി സത്യവിരുദ്ധമാണ്.
വിനോദസഞ്ചാരികള്‍ വരുന്നത് മദ്യം കഴിക്കാനല്ല മറിച്ച് കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാനാണ്. അവര്‍ക്ക് വേണ്ടത് മദ്യമല്ല, വൃത്തിയും വെടിപ്പുമുള്ള, സമാധാനം നിലനില്‍ക്കുന്ന, നല്ല പെരുമാറ്റം ലഭിക്കുന്ന ഊഷ്മളമായ അന്തരീക്ഷമാണ്. യഥാര്‍ത്ഥത്തില്‍ ടൂറിസ്റ്റുകള്‍ ഭയപ്പെടുന്നത് പകര്‍ച്ചപ്പനിയെയും മാലിന്യ കൂമ്പാരങ്ങളെയും സൈ്വര്യവിഹാരം നടത്തുന്ന തെരുവുനായ്ക്കളെയും വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളെയുമാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ച് ചില ‘വിദഗ്ദ്ധന്മാര്’ തട്ടിക്കൂട്ടുന്ന റിപ്പോര്‍ട്ടുകള്‍ പൊക്കിപ്പിടിച്ച് മദ്യലോബിക്ക് വേണ്ടി മന്ത്രിമാരും അവരുടെ വിധേയരായ ഉദ്യോഗസ്ഥ പ്രമുഖരും നടത്തുന്ന അസത്യ പ്രചരണങ്ങള്‍ പരിഹാസ്യമാണ്.
മദ്യശാലകള്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് മദ്യ ഉപയോഗം കുറയുകയല്ല മറിച്ച് കൂടുകയാണ് ഉണ്ടായതെന്നാണ് മറ്റൊരു വാദം. ഇതും വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 ഏപ്രില്‍ 1 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള മൂന്നു വര്‍ഷ കാലയളവില്‍ വിദേശ മദ്യത്തിന്റെ ഉപയോഗത്തില്‍ തന്നെ 8,65,60,876 ലിറ്റര്‍ കുറഞ്ഞത് ഒരു യാഥാര്‍ത്ഥ്യമാണ്. ബിയറിന്റെയും വൈനിന്റെയും ഉപയോഗം ഈ കാലയളവില്‍ കൂടിയിട്ടു പോലും ലോകാരോഗ്യസംഘടനയുടെ മാനദണ്ഡപ്രകാരം കണക്കാക്കിയാല്‍ പൂര്‍ണ്ണ മദ്യാംശം (അബ്സല്യൂട്ട് ആള്‍ക്കഹോള്‍) മൊത്തം അളവില്‍ 34.27% കുറവാണ് ഉണ്ടായത്. അതേസമയം മദ്യവില്‍പ്പനയുടെ മൊത്തം കണക്കില്‍ (വോളിയം സെയില്‍) 7.47% കുറവ് വന്നതായി കാണാവുന്നതാണ്. അതായത് 2,25,35,901 ലിറ്റര്‍ മദ്യ ഉപയോഗം കുറഞ്ഞു. എന്നിട്ടും കള്ളക്കണക്ക് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
മദ്യ ഉപയോഗം കുറയ്ക്കാന്‍ അനിവാര്യമായി വേണ്ടത് മദ്യലഭ്യത കുറയ്ക്കുകയാണ്. ഇത് ലോകവ്യാപകമായി തന്നെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യമാണ്. മദ്യലഭ്യത കുറച്ചാല്‍ മദ്യ ഉപയോഗം കുറയും എന്നതിന്റെ വ്യക്തമായ തെളിവാണ് പാതയോരത്തെ മദ്യവില്‍പ്പന ശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സുപ്രീം കോടതിവിധി നടപ്പാക്കിയതിനെ തുടര്‍ന്ന് 2017 ഏപ്രില്‍ മാസത്തില്‍ കണ്ടത്. 2016 ഏപ്രില്‍ മാസത്തെ മദ്യ ഉപയോഗവുമായി താരതമ്യപ്പെടുത്തിയാല്‍ അന്നത്തേക്കാളും 94,48,562 ലിറ്റര്‍ മദ്യ ഉപയോഗം 2017 ഏപ്രില്‍ മാസത്തില്‍ തന്നെ കുറഞ്ഞിട്ടുണ്ട്. അതായത് 30.34%. കേരള ബിവറേജസ് കോര്‍പ്പറേഷന്റെ വെബ്സൈറ്റിനെ ആധാരമാക്കി ‘അഡിക് ഇന്ത്യ’ തയ്യാറാക്കിയതാണ് ഈ കണക്കുകളെല്ലാം.
മദ്യശാലകള്‍ അടഞ്ഞപ്പോള്‍ വ്യാജ മദ്യവും മയക്കുമരുന്നും വ്യാപകമായി എന്ന പ്രചരണം കൊണ്ടുനടക്കുകയാണ് മന്ത്രിമാരും എക്സൈസ് കമ്മീഷണറും. എക്സൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ കണക്കുകള്‍ക്ക് വിരുദ്ധമാണ് ഈ കള്ളപ്രചരണം. 2014 ഏപ്രില്‍ ഒന്നിന് മദ്യശാലകള്‍ അടച്ചതിന് ശേഷം 2017 മാര്‍ച്ച് 31 വരെയുള്ള മൂന്നുവര്‍ഷത്തെ കണക്കുകള്‍ ഇതെല്ലാം വ്യക്തമാക്കുന്നുണ്ട്. ഈ കാലയളവില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചെങ്കിലും പിടിച്ചെടുത്ത വ്യാജമദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും അളവില്‍ വന്‍ കുറവാണ് ഉണ്ടായിട്ടുള്ളത്. റെയ്ഡുകള്‍ 21,460 ആയി വര്‍ധിച്ചപ്പോള്‍ (18%) വ്യാജമദ്യം പിടിച്ചെടുത്തത് 34,843 ലിറ്ററില്‍ നിന്നും 2,873 ലിറ്ററായി കുറയുകയാണ് ഉണ്ടായത്. അതായത് 31,970 ലിറ്ററിന്റെ വന്‍ കുറവ് (92%). കഞ്ചാവിന്റെ കാര്യത്തില്‍ 968 കിലോയില്‍നിന്ന് 921 കിലോ ആയി കുറഞ്ഞു. അതായത് 47 കിലോയുടെ കുറവ് (5%). സര്‍ക്കാരിന്റെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും പ്രചാരണങ്ങളുടെ പൊള്ളത്തമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
യഥാര്‍ത്ഥത്തില്‍ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും വ്യാപനവും ഉപയോഗവും വര്‍ദ്ധിച്ചത് പുതിയ നയത്തിന്റെ ഫലമായി മദ്യശാലകള്‍ വ്യാപകമായി തുറന്നതിനു ശേഷമാണ്. വസ്തുതകള്‍ക്ക് വിരുദ്ധമായ കള്ളക്കണക്കുകളുടെ തെറ്റായ വാദമുഖങ്ങളുടെ അടിസ്ഥാനത്തില്‍ രൂപം കൊടുത്തതും ജനങ്ങള്‍ക്ക് ദോഷകരവും മദ്യമുതലാളിമാര്‍ക്ക് മാത്രം ഗുണകരവുമായ സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ മദ്യനയം പിന്‍വലിച്ചേ മതിയാകൂ. മദ്യശാല ശൃംഖല വിപുലീകരിക്കുന്നതിന് എന്തും ചെയ്യാന്‍ മടിക്കാത്ത സമീപനമാണ് സര്‍ക്കാര്‍ കൈക്കൊണ്ട് വരുന്നത്. തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അധികാരം എടുത്തു കളഞ്ഞതും ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളില്‍ നിന്നുള്ള ദൂരപരിധിയില്‍ വരുത്തിയ ഇളവുകളും ഒക്കെ വ്യക്തമാക്കുന്നത് ഇതാണ്.
കേരളത്തെ ഒരു വലിയ സാമൂഹ്യ ദുരന്തത്തിലേക്കാണ് സര്‍ക്കാര്‍ കൊണ്ടുപോകുന്നത്. ജനങ്ങളെ രക്ഷിക്കാനും ജനക്ഷേമം ഉറപ്പുവരുത്താനും ബാധ്യസ്ഥരായ സര്‍ക്കാര്‍ തന്നെ ജനങ്ങളുടെ സംഹാരകരും ജനദ്രോഹ നടപടികളുടെ വക്താക്കളുമായി മാറുന്ന വിചിത്രമായ സ്ഥിതിവിശേഷമാണ് കേരളത്തില്‍ സംജാതമായിട്ടുള്ളത്. ജനങ്ങളുടെ രക്ഷ ജനങ്ങള്‍ തന്നെ ഏറ്റെടുത്തേ മതിയാകൂ. ആ ദൗത്യത്തിന്റെ ഭാഗമാണ് സര്‍ക്കാരിന്റെ മദ്യനയത്തിനും തെറ്റായ നടപടികള്‍ക്കുമെതിരെയുള്ള പ്രതിഷേധങ്ങള്‍. നാടിന്റെ നന്മയ്ക്കും തലമുറകളുടെ ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്ന എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും സെക്രട്ടേറിയേറ്റ് മാര്‍ച്ച് വിജയിപ്പിക്കുന്നതിന് ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.