തിരുവനന്തപുരം:സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്നും ഇത് സര്‍ക്കാരിനെതിരായ ജനവിധിയല്ലെന്നും പിണറായി തിരുവനന്തപുരത്ത് പറഞ്ഞു.ഈ ജനവിധിയുടെ പശ്ചാത്തലത്തില്‍ തന്റെ ശൈലി മാറ്റില്ല,രാജി വയ്ക്കുകയുമില്ലെന്ന് പിണറായി ഉറപ്പിച്ചുപറഞ്ഞു.
ചില ശക്തികള്‍ വിശ്വാസപരമായ കാര്യങ്ങളില്‍ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്.അത് പാര്‍ട്ടി വിശദമായി വിലയിരുത്തും.ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഏത് സര്‍ക്കാരും ബാധ്യസ്ഥരാണ്. അത് തന്നെയാണ് സംസ്ഥാനസര്‍ക്കാരും ചെയ്തത്. കേന്ദ്രസര്‍ക്കാരിനും അതില്‍ വേറെ ഒരു വഴിയുണ്ടായിരുന്നില്ല.ശബരിമലയില്‍ പ്രശ്‌നമുണ്ടാകുമെന്നും നിരോധനാജ്ഞ വേണമെന്നു പറഞ്ഞത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണെന്നതിന് തെളിവ് കാണിച്ചതാണ്.ശബരിമല ബാധിക്കുമായിരുന്നെങ്കില്‍ ഗുണഫലം കിട്ടേണ്ടത് ബിജെപിക്കായിരുന്നില്ലേ.പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയില്ലേ?അതുകൊണ്ട് അത്തരം വാദങ്ങളില്‍ കഴമ്പില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.