കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്‌തെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ.ജൂണ്‍ 23ന് മിഷനറീസ് ഓഫ് ജീസസിന് നല്‍കിയ കത്തിലാണ് ബിഷപ്പിനെതിരെ കന്യാസ്ത്രീ രൂക്ഷവിമര്‍ശനമുന്നയിച്ചിരിക്കുന്നത്.2017 ജൂലെയില്‍ തന്നെ ബിഷപ്പിന്റെ പീഡനം സംബന്ധിച്ച് മദര്‍ ജനറാളിന് കത്ത് നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും അതിനാലാണ് താന്‍ വീണ്ടും കത്തെഴുതുന്നതെന്നും കന്യാസ്ത്രീ പറയുന്നു.
ബിഷപ്പിനെതിരെ പ്രതികരിച്ച അഞ്ചു കന്യാസ്ത്രീകള്‍ക്കു നീതി ലഭിച്ചില്ലെന്നും മദര്‍ ജനറാള്‍ ബിഷപ്പിനെ പിന്തുണച്ചെന്നും കത്തില്‍ ആരോപണമുണ്ട്.കന്യാസ്ത്രീമാര്‍ക്ക് അവരുടെ അവകാശങ്ങളും അന്തസ്സും ഉറപ്പാക്കണമായിരുന്നു.അത് നഷ്ടപ്പെട്ടപ്പോഴാണ് പലരും മഠം ഉപേക്ഷിച്ചത്.നാല് കന്യാസ്ത്രീകള്‍ക്ക് ബിഷപ്പില്‍ നിന്ന് ഭീഷണിയും മോശം പെരുമാറ്റവും നേരിടേണ്ടിവന്നെന്നും കത്തില്‍ ആരോപിക്കുന്നു.