ദില്ലി:ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി.ഒക്ടോബര്‍ മൂന്നിന് രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസായി ഗോഗോയി ചുമതലയേല്‍ക്കും.2019 നവംബര്‍ 17-ന് രഞ്ജന്‍ ഗൊഗോയി വിരമിക്കും.
ജസ്റ്റിസ് ഗോഗോയ് അടക്കം സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ജനുവരി 12 ന് ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.ഇക്കാരണത്താല്‍ രഞ്ജന്‍ ഗോഗോയിയെ മറികടന്ന് മറ്റൊരാളെ ചീഫ് ജസ്റ്റിസാക്കും എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.ഗോഗോയ്ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ജസ്റ്റിസ് ചെലമേശ്വര്‍ ആയിരുന്നു ദീപക് മിശ്ര കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജി. എന്നാല്‍ അദ്ദേഹം മെയ് 18 ന് വിരമിച്ചതോടെ അടുത്ത അവസരം ജസ്റ്റിസ് ഗോഗോയ്ക്ക് ലഭിക്കുകയായിരുന്നു.
1954-ല്‍ ആസാമില്‍ ജനിച്ച രഞ്ജന്‍ ഗോഗോയി 2001 -ല്‍ ഗുവഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി.പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചശേഷം 2011-ല്‍ ചീഫ് ജസ്റ്റിസായി.2012 മുതല്‍ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയാണ്.