മുംബൈ: രാജ്യത്തെ പ്രമുഖ ബാങ്കുകളെല്ലാം ഡിജിറ്റല്‍ ബ്രാഞ്ചുകളിലേയ്ക്കു മാറാനൊരുങ്ങുകയാണ്. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തിലും വേഗത്തിലും ഇടപാട് നടത്താന്‍ കഴിയുന്ന രീതിയാലാണ് ഡിജിറ്റല്‍ ബാങ്കിങ്.

ഇതോടെ വൗച്ചറുകള്‍, മുട്ടുസൂചി, ചെക്ക് നിക്ഷേപിക്കല്‍, നീണ്ട ക്യൂ, പാസ്ബുക്ക് ചേര്‍ത്തല്‍, പണം നിക്ഷേപിക്കല്‍, കെവൈസി വിവരങ്ങള്‍ നല്‍കല്‍ തുടങ്ങിയവയെല്ലാം ഇനി ഓര്‍കയാകും.

തത്സമയം അക്കൗണ്ട് തുറക്കല്‍, വ്യക്തിഗത ഡെബിറ്റ് കാര്‍ഡ് തയ്യാറാക്കിനല്‍കല്‍, വീഡിയോ കോണ്‍ഫറന്‍സുവഴി നിക്ഷേപ ഉപദേശം നല്‍കല്‍ തുടങ്ങിയ സൗകര്യങ്ങളുള്ള 250 ലേറെ ഡിജിറ്റല്‍ ശാഖകള്‍ എസ്ബിഐ തുറന്നുകഴിഞ്ഞു.

എച്ച്ഡിഎഫ്‌സിയും ബാങ്ക് ഓഫ് ബറോഡയും എസ്ബിഐയുടെ പിന്നാലെയുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് ഇലക്ട്രോണിക് വെര്‍ച്വല്‍ അസിസ്റ്റന്റ് സംവിധാനം നടപ്പാക്കിയിരുന്നു. ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി സ്വകാര്യബാങ്കുകള്‍ക്ക് പിന്നാലെ പൊതുമേഖല ബാങ്കുകളും കേന്ദ്രീകൃത റോബോട്ടിക് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയാണ്.