സ്വന്തം ജീവിതത്തില്‍ നന്മ വരണമെന്നുണ്ടെങ്കില്‍ അതിനുള്ള ഒരേയൊരു വഴി സ്വയം നന്മ ചെയ്യുക എന്നതാണ്. നാം എന്തനുഷ്ഠിക്കുന്നുവോ അതിന്‍റെ ഫലംമാത്രമേ നമുക്കാഗ്രഹിക്കാന്‍ അവകാശമുള്ളൂ. ചെയ്യുന്ന നല്ല കാര്യങ്ങള്‍ നന്മയായ് മടങ്ങിവരുന്നു എന്നതുപോലെ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍കൊണ്ട് പൂര്‍വ്വകര്‍മ്മങ്ങളെയും ഓര്‍ക്കേണ്ടതാണ്. ഇപ്പോള്‍ നാം എന്തനുഭവിക്കുന്നു എന്നുള്ളിടത്തല്ല ശ്രദ്ധയും പരിഹാരക്രിയകളും വേണ്ടിവരുന്നത്. ഇപ്പോള്‍ നാം എന്തു ചെയ്യുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. അതാണല്ലോ ഇനി ഫലം നല്‍കേണ്ടത്. അതിനാല്‍ നിലവിലുള്ള ജീവിതാനുഭവങ്ങള്‍ ദുഃഖകരമോ സുഖകരമോ ആയിക്കോട്ടെ, ചെയ്യുന്ന കാര്യങ്ങളെല്ലാം നന്മയുള്ളതായിരിക്കാന്‍ ശ്രദ്ധയുണ്ടാകണം എന്നതാണ് പ്രധാനം. നാം ഒരുജീവിക്കും യാതൊരു ദ്രോഹവും ചെയ്യുന്നില്ല എങ്കില്‍ രോഗദുരിതങ്ങളെ ഭയക്കേണ്ടതില്ല. അങ്ങനെയാണ് ജീവിക്കുന്നതെങ്കില്‍ പിന്നെ വന്നുചേരുന്ന രോഗദുരിതങ്ങളെ പൂര്‍വ്വാര്‍ജ്ജിത കര്‍മ്മഫലമെന്നും കരുതണം. പ്രത്യക്ഷത്തില്‍ കാണുന്ന ഓരോ ദൃശ്യങ്ങള്‍ക്കും പരിണാമങ്ങള്‍ക്കും പ്രകൃതിയുടെ നിയമം ഉണ്ട് എന്നതുപോലെ ജീവിതാനുഭവങ്ങള്‍ക്കും കര്‍മ്മനിയമവ്യവസ്ഥ ഉണ്ട്. ആ കര്‍മ്മനിയമത്തെ അറിഞ്ഞ് ജീവിതചര്യകളെ ക്രമീകരിക്കുന്നതാണ് ആദ്ധ്യാത്മിക മാര്‍ഗ്ഗം. അത് പരിശുദ്ധിയിലേയ്ക്കും ആനന്ദത്തിലേയ്ക്കും ശാന്തിയിലേയ്ക്കുമുള്ള വഴിയാണ്.
ഓം