തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ നാലുമുതല്‍ അനിശ്ചിതകാല ഓട്ടോ ടാക്സി പണിമുടക്ക്. നിരക്കുവര്‍ധന ആവശ്യപ്പെട്ടാണ് സമരം. ഓട്ടോറിക്ഷ, ടാക്സി, ലൈറ്റ് മോട്ടോര്‍ തൊഴിലാളികളും ടെമ്പോ, ട്രാവലറുകള്‍, ഗുഡ്സ് ഓട്ടോറിക്ഷ, ജീപ്പുകള്‍ തുടങ്ങിയവയും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംയുക്തസമരസമിതി ഭാരവാഹികള്‍ പറഞ്ഞു.
നിരക്കുവര്‍ധന ആവശ്യത്തിന് പിന്നാലെ ടാക്സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് അഡ്വാന്‍സ് റോഡ് ടാക്സ് അടയ്ക്കണമെന്ന നിര്‍ദേശം പിന്‍വലിക്കുക, ആര്.ടി.ഓഫീസ് ഫീസുകള്‍ വര്‍ധിപ്പിച്ചത് പിന്‍വലിക്കുക, ലീഗല്‍ മെട്രോളജി വകുപ്പിന്റെ പിഴ കുറയ്ക്കുക, ക്ഷേമനിധിയിലെ അപാകം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ടുള്ളതാണ് സമരം.
2014ന് ശേഷം സര്‍ക്കാര്‍ ഓട്ടോ ടാക്സി നിരക്ക് പരിഷ്കരിച്ചിട്ടില്ലെന്നും ഇതിനിടയില്‍ നിരവധി തവണ ഇന്ധനവില ഉയര്‍ന്നെന്നും ഭാരവാഹികള്‍ ചൂണ്ടികാട്ടി. നിലവിലെ സാഹചര്യത്തില്‍ തൊഴില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഇതിനാലാണ് സമരത്തിലേക്ക് കടക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.