കോഴിക്കോട്:മന്ത്രിസ്ഥാനം മാറുന്ന വിഷയത്തില്‍ ജെഡിഎസില്‍
പ്രശ്‌നങ്ങളുണ്ടെന്ന വ്യക്തമാകുന്ന വിധത്തിലാണ് നേതാക്കളുടെ പ്രതികരണങ്ങള്‍ വരുന്നത്.തന്നെ മാറ്റാനുണ്ടായ തീരുമാനം വേദനിപ്പിച്ചുവെന്ന് ഇന്നലെ മന്ത്രി മാത്യു ടി തോമസ് വെളിപ്പെടുത്തിയതിനു പിന്നാലെ അദ്ദേഹത്തിനെതിരെ സികെ നാണു രംഗത്ത്.
പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും മാത്യു ടി. തോമസ് മാറാന്‍ തയ്യാറായില്ലെന്നാണ് സികെ നാണുവിന്റെ ആരോപണം.കാലാവധി കഴിയുമ്പോള്‍ മാത്യു ടി തോമസ് സ്വയം മാറിനില്‍ക്കുമെന്ന് കരുതിയെങ്കിലും അതുണ്ടാകാത്തതതിനാലാണ് കേന്ദ്ര നേതൃത്വം ഇടപെട്ടതെന്ന് നാണു പറഞ്ഞു.
മൂന്ന് എംഎല്‍എമാരില്‍ രണ്ടുപേരും കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന തീരുമാനത്തെ പിന്‍തുണച്ചു.മുന്‍പ് മൂന്ന് വര്‍ഷം മാത്രമെ മന്ത്രിയായിരിക്കാന്‍ സാധിച്ചുള്ളൂവെന്നും അതിനാല്‍ കൂടുതല്‍ അവസരം നല്‍കണമെന്നും മാത്യു ടി തോമസ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് വര്‍ഷത്തിന് ശേഷം മന്ത്രി സ്ഥാനം ഒഴിയാമെന്ന ധാരണയില്‍ അവസരം നല്‍കിയതെന്നും നാണു പറയുന്നു. കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാനുള്ള തീരുമാനം മാത്യു ടി. തോമസ് അംഗീകരിച്ചതാണെന്നും ഇപ്പോഴത്തെ പ്രതികരണം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും കികെ നാണു പ്രതികരിച്ചു.
മന്ത്രി മാത്യു ടി തോമസ് തിങ്കളാഴ്ച രാജി സമര്‍പ്പിക്കുമെന്ന് കരുതുന്നു.അതിനിടെ ജെഡിഎസ് നേതാക്കളായ കെ കൃഷ്ണന്‍കുട്ടി,സികെ നാണു എന്നിവര്‍ മുഖ്യമന്ത്രിയെക്കണ്ട് കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന കത്ത് കൈമാറി.