തിരുവനന്തപുരം:മുന്‍ വിജിലന്‍സ് ഡിജിപി ജേക്കബ് തോമസിനെതിരെ അഴിമതി കേസില്‍ വിജിലന്‍സ് കമ്മീഷന്‍ കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി നടത്തിയെന്നാണ് കേസ്.വിജിലന്‍സും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയ ആരോപണത്തിലാണ് വീണ്ടും കേസ്.
2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്‌പെന്‍ഷനിലാണ്. ഇതിനിടെ ചാലക്കുടിയില്‍ ട്വന്റി 20 മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും സ്വയം വിരമിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവാത്തതിനാല്‍ അദ്ദേഹം മല്‍സരത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഇത് ജേക്കബ് തോമസിനോടുള്ള സര്‍ക്കാരിന്റെ പ്രതികാര നടപടിയായാണ് വിലയിരുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന ജേക്കബ് തോമസ് ഓഖി ദുരന്തത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിനാണ് സസ്‌പെന്‍ഷനിലായത്. അനുവാദമില്ലാതെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകമെഴുതിയതിനും അദ്ദേഹത്തിനു സസ്‌പെന്‍ഷന്‍ ലഭിച്ചു.തുടര്‍ച്ചയായി സര്‍ക്കാരിന്റെ പ്രതികാരനടപടികള്‍ക്കു വിധേയനാവുകയാണ് സംസ്ഥാനത്തെ സീനിയറായ ഐപിഎസ് ഉദേ്യാഗസ്ഥന്‍.