ഉടുമ്പന്‍ചോല; ജോയ്സ് ജോര്‍ജ് എം. പിയുടെ ഭൂമിക്കയ്യേറ്റക്കേസില്‍ ചുവട് മാറിച്ചവിട്ടി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്. കൊട്ടാക്കമ്പൂരില്‍ ജോയ്സ് ജോര്‍ജ് ഭൂമി കയ്യേറിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കൊട്ടാക്കമ്പൂര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ സിപിഐക്കെതിരെ സിപിഎം പടയൊരുക്കം തുടങ്ങിയതിനു പിന്നാലെയാണ് മന്ത്രിയുടെ ഈ മലക്കം മറിച്ചില്‍.
വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ വ്യാജരേഖകളിലൂടെ ഇടുക്കി എംപി ജോയ്സ് ജോര്‍ജ് ഭൂമി തട്ടിയെടുത്തെന്ന ആരോപണത്തിലാണ് സിപിഐ പതിയ നിലാപാടിലെത്തിയത്. അദ്ദേഹം കയ്യേറ്റക്കാരനല്ലെന്നും പട്ടയം റദ്ദാക്കിയ ദേവികുളം സബ്കലക്ടറുടെ നടപടി പുനഃപരിശോധിക്കാമെന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു.
ഉടുമ്പന്‍ചോലയില്‍ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴായിരുന്നു ജോയ്സ് ജോര്‍ജിന് മന്ത്രി ക്ലീന്‍ചിറ്റ് നല്‍കിയത്. ജോയ്സ് ജോര്‍ജ് എംപിയുടെയും കുടുംബത്തിന്റെയും പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ പത്ത് പഞ്ചായത്തുകളില്‍ 21ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.
കൊട്ടാക്കമ്പൂര്‍ വിവാദ ഭൂമി ഇടപാടില്‍ ജോയ്സ് ജോര്‍ജിന്റെ 20 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. സര്‍ക്കാര്‍ തരിശുഭൂമിയെന്നു കണ്ടത്തിയതിനാലാണു ദേവികുളം സബ് കലക്ട് വി.ആര്.പ്രേംകുമാറിന്റെ നടപടി.